കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് വിജിലന്‍സ് ഉടന്‍ കടക്കും. സർക്കാരിന്‍റെ അന്വേഷണാനുമതി രേഖാമൂലം ലഭിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നൽകും. കൊച്ചിയിലെ വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യല്‍. ഇതിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നത്.
മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഉടൻ ചോദ്യം ചെയ്യും - prosecution obtained permission
മുന്‍ മന്ത്രി എന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കാനാണ് വിജിലന്‍സിന് സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചത്
എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് ചോദ്യം ചെയ്യണമെങ്കിൽ വിജിലൻസിന് സ്പീക്കറുടെ അനുമതി തേടേണ്ടി വരും. പാലാരിവട്ടം പാലം അഴിമതിയിലെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം. അഴിമതി നിരോധന നിയമത്തില്‍ 2018ലെ സുപ്രീംകോടതി ഭേദഗതി പ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിബന്ധന. ഇത് പ്രകാരം മുന്‍ മന്ത്രി എന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കാനാണ് വിജിലന്‍സിന് സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചത്.
കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. മുന്‍കൂര്‍ പണമായി അനുവദിച്ച എട്ടേകാല്‍ കോടിക്ക് പലിശ കുറച്ചതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി. അക്കൗണ്ടന്‍റ് ജനറലിന്‍റെ 2014ലെ റിപ്പോര്‍ട്ടില്‍ 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി വ്യക്തമാക്കുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതി കേസിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന മുന്‍ പൊതുമാരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ ചോദ്യം ചെയ്തപ്പോഴും മുന്‍ മന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണാനുമതി കൂടി ലഭിച്ച സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഇബ്രാഹിം കുഞ്ഞിന്‍റെ ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകാനാണ് സാധ്യത.