എറണാകുളം:നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ സംസ്ഥാന സർക്കാർ. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരും, ഇരയായ നടിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.പ്രതി ഭാഗം ഇരയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും പ്രതിഭാഗത്തിന് അനുകൂലമായ നിലപാടാണ് വിചാരണക്കോടതി സ്വീകരിക്കുന്നുവെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം, ഇരക്കെതിരായ മാനസിക പീഡനം എന്ത് കൊണ്ട് അപ്പോൾ തന്നെ വിചാരണ കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അറിയിച്ചിട്ടും കോടതി അത് പരിഗണിച്ചില്ലെന്ന് സർക്കാർ മറുപടി നൽകി. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. വിചാരണ സമയബന്ധിതമായി നടക്കുകയായിരുന്നെന്നും ഇതിനിടയിലാണ് അനീതി ശ്രദ്ധയിൽ പെട്ടതെന്നും വിചാരണ കോടതിയിൽ സംഭവിച്ച കാര്യങ്ങൾ മുദ്രവെച്ച കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സർക്കാരും
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്
അതേസമയം, എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേസുമായി ബന്ധപ്പെട്ട പല രേഖകളും നൽകുന്നില്ലെന്ന പരാതിയും പ്രോസിക്യൂഷൻ ഉന്നയിച്ചു. പ്രോസിക്യൂഷൻ തന്നെ വിചാരണ കോടതി ജഡ്ജിക്കെതിരെ പരാതി പറയുന്ന സംഭവം ആദ്യമാണെന്ന് ഇരയായ നടി കോടതിയിൽ പറഞ്ഞു.രഹസ്യ വിചാരണ നടക്കുന്ന കോടതിയിൽ ഇരുപത് അഭിഭാഷകരെ അനുവദിക്കുന്നത് തന്നെ മാനസിക പീഡനമാണ്.പ്രോസിക്യൂഷൻ തന്നെ നീതി കിട്ടില്ല എന്ന് പറയുന്നു. അപ്പോൾ തന്‍റെ അവസ്ഥ മനസിലാക്കണമെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. പരാതിക്കാരിയോട് ഹർജിയോടൊപ്പം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.