എറണാകുളം:കൊച്ചിൻ ഇന്‍റര്‍നാഷണല്‍ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ചരിത്ര നേട്ടം. പ്രവർത്തന ലാഭം 521.50 കോടി രൂപയായി ഉയർന്നു. 2022-23ലെ വരവ് ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം അംഗീകാരം നൽകി.
267.17 കോടി രൂപയാണ് സിയാലിന്‍റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം ലാഭവിഹിതവും ഡയറക്‌ടര്‍ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്. കൊച്ചി വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്.
കൊവിഡ് പ്രതിസന്ധിയെയും തരണം ചെയ്‌ത് സിയാല്‍: ഇരുപത്തിയഞ്ചാം വർഷത്തിൽ സിയാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയർത്താനുള്ള പദ്ധതി നടപ്പിലാക്കാനും ബോർഡ് തീരുമാനിച്ചു. കൊവിഡിനെ തുടർന്ന് 2020-21-ൽ 85.10 കോടി രൂപ നഷ്‌ടമുണ്ടാക്കിയ സിയാൽ കൊവിഡാനന്തരം നടപ്പിലാക്കിയ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22ൽ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കൊവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാൽ.
പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളെ തുടർന്ന് 2021-22ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി. 2022-23ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാന സർവീസുകളും സിയാൽ കൈകാര്യം ചെയ്‌തു. സിയാലിന്‍റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടെയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട് .
വരാനിരിക്കുന്നത് അഞ്ച് മെഗാ പദ്ധതികള്‍:സെപ്‌തംബറില്‍ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടാനും ഡയറക്‌ടര്‍ബോർഡ് യോഗത്തിൽ തീരുമാനമായി. ടെർമിനൽ-3യുടെ വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ-2ൽ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ-3യുടെ മുൻഭാഗത്ത് കൊമേഴ്‌സ്യൽ സോൺ നിർമാണോദ്ഘാടനം, എന്നിവയാണ് സെപ്‌തംബറില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവയിൽ ടെർമിനൽ-3യുടെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.
ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത് സിയാലിന്‍റെ നിക്ഷേപകർക്ക് ഡയറക്‌ട ബോർഡ് ശുപാർശ ചെയ്‌തത്. 2023 സെപ്‌തംബര്‍ 28ന് നടക്കുന്ന ഓഹരിയുടമകളുടെ വാർഷിക പൊതുയോഗ തീരുമാനത്തിന് വിധേയമായിരിക്കും ഈ തീരുമാനം. 22,000 നിക്ഷേപകരാണ് സിയാലിനുള്ളത്.
പഞ്ചനക്ഷത്ര ഹോട്ടല്‍ യാഥാര്‍ഥ്യമാകുന്നു: അതേസമയം, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതി അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും. താജ് ഗ്രൂപ്പ് സഹകരിച്ചുള്ള താജ് സിയാല്‍ ഹോട്ടല്‍ അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സിയാല്‍ അറിയിച്ചു. ഹോട്ടല്‍ നടത്തുന്നതിന് വേണ്ടിയുള്ള കരാര്‍ ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡാണ് സ്വന്തമാക്കിയത്.
ദേശീയ ടെന്‍ഡറിലൂടെയാണ് സിയാല്‍, ഹോട്ടല്‍ നടത്തിപ്പുകാരെ തെരഞ്ഞെടുത്തത്. ഹോട്ടല്‍ അനുബന്ധ സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടി ഐഎച്ച്‌സിഎല്‍ 100 കോടി രൂപ നിക്ഷേപിക്കും. 2024 പകുതിയോടെ താജ് സിയാലിന്‍റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ ഹോട്ടല്‍ ഓപ്പറേറ്റുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്‌ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. സിയാല്‍, താജ് എന്നിവ കൈകോര്‍ക്കുന്നത് സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.