എറണാകുളം: പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉല്‌പാദിപ്പിക്കുകയാണ് കരിമീൻ വിത്ത് ഉല്‌പാദന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഇടക്കൊച്ചി സർക്കാർ ഫിഷ് ഫാമിൽ കരിമീൻ വിത്ത് ഉല്‌പാദന കേന്ദ്രം ഓഫീസ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും: ജെ മേഴ്‌സികുട്ടിയമ്മ - മത്സ്യ കൃഷി
മത്സ്യ ഉത്പാദനത്തോടൊപ്പം മത്സ്യവിത്ത് ഉത്പാദനത്തിലും സ്വയം പര്യാപ്‌തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി
ജലാശയങ്ങളിലെ മത്സ്യ ഉല്‌പാദനം പ്രതികൂല കാരണങ്ങളാൽ ഗണ്യമായി കുറഞ്ഞു വരികയാണ്. ഇതിൽ നിന്നും കരകയറാൻ നൂതന മത്സ്യക്കൃഷി രീതികൾ അവലംബിച്ചും സർക്കാർ ഫാമുകളുടെയും ഹാച്ചറികളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചും മത്സ്യ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മത്സ്യ ഉത്പാദനത്തോടൊപ്പം മത്സ്യവിത്ത് ഉത്പാദനത്തിലും സ്വയം പര്യാപ്‌തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിത്ത് ഉത്പാദന കേന്ദ്രത്തിനായി 12 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. ആദ്യ രണ്ട് ഘട്ടത്തിൽ 9.46 കോടി രൂപ ചെലവഴിച്ച് എട്ട് മത്സ്യകുളങ്ങൾ നിർമ്മിച്ച് ഓരു ജലമത്സ്യങ്ങളായ പൂമീൻ , തിരുത, കരിമീൻ എന്നിവയുടെ കൃഷി ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ 2.4 കോടി രൂപ ചെലവഴിച്ച് ഫാമിന്‍റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, കരിമീൻ വിത്തുത്‌പാദന കേന്ദ്രം, ഓഫീസ് സമുച്ചയ നിർമാണം എന്നിവ കേരള തീരദേശ വികസന കോർപറേഷൻ വഴി പൂർത്തീകരിക്കുകയായിരുന്നു. കെട്ടിട ഉദ്ഘാടനം സ്വരാജ് എംഎൽഎ നിർവഹിച്ചു.