എറണാകുളം :യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ച കേസിൽ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ താത്‌കാലിക വിലക്ക്. പുതിയ സിനിമകളിൽ തത്കാലം സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം. ശ്രീനാഥ് ഭാസിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് അസോസിയേഷന്‍റെ തീരുമാനം.
ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. പുതിയ സിനികളിൽ നിന്നും നടനെ മാറ്റി നിർത്തുന്നത് സംബന്ധിച്ച തീരുമാനം അസോസിയേഷൻ സെക്രട്ടറി രഞ്ജിത്താണ് മാധ്യമങ്ങളെ അറിയിച്ചത്. മേലിൽ ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്ന് ഭാസി സംഘടനയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. തെറ്റ് തിരുത്താൻ തയ്യാറായ സാഹചര്യത്തിലാണ് കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കാത്തത്.
വിലക്ക് എത്ര നാളെന്നത് സംഘടന തീരുമാനിക്കും. നിലവിൽ പ്രവർത്തിക്കുന്ന സിനിമകൾ പൂർത്തിയാക്കാൻ അനുവദിക്കും. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ രേഖാമൂലം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
'ശ്രീനാഥും കൂടുതല്‍ പ്രതിഫലം വാങ്ങി':എഗ്രിമെന്‍റിന് വിരുദ്ധമായി പല നടന്മാരും കൂടുതൽ പണം വാങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ശ്രീനാഥ് ഭാസിയും ചില സിനിമകളിൽ കൂടുതൽ തുക വാങ്ങിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ അത് തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതായും അസോസിയേഷൻ അറിയിച്ചു. സിനിമ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്നത് യാഥാർഥ്യമാണെന്നും സംഘടന വ്യക്തമാക്കി. സംശയമുള്ള സിനിമ ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തിയാൽ സഹകരിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന നിർമാതാക്കളുടെ യോഗത്തിൽ ശ്രീനാഥ് ഭാസി വിഷയം ചർച്ച ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് നടനെ നേരിട്ടുവിളിച്ച് വിശദീകരണം തേടിയത്. തുടർന്നായിരുന്നു താത്‌കാലിക വിലക്കെന്ന തീരുമാനത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എത്തിയത്. നേരത്തെയും പല യുവ നടൻമാർക്കെതിരെയും മോശം പെരുമാറ്റത്തിന്‍റെ പേരിൽ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ചെറിയ കാലയളവിൽ തന്നെ തീരുമാനം പിൻവലിച്ചിരുന്നു.