എറണാകുളം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഉടമകളുടെ സംയുക്ത സമരസമിതിയാണ് ജൂൺ ഏഴ് മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. വിദ്യാർഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വർധിപ്പിക്കണമെന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
ആവശ്യങ്ങള്‍ ഇങ്ങനെ :വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയായി വർധിപ്പിക്കണം. ലിമിറ്റഡ് സ്‌റ്റോപ്പുകൾ തുടരാൻ അനുവദിക്കണം. നിലവിലെ പെർമിറ്റുകൾ നിലനിർത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. മുൻ സർക്കാരുകളുടെ തീരുമാനം അനുസരിച്ച് നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തുക, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ തുടരുവാൻ അനുവദിക്കുക, പറവൂർ - വൈപ്പിൻ എറണാകുളം റൂട്ടിലെ നിലവിലുളള മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ പുതുക്കുവാൻ അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് മിനിമം അഞ്ചുരൂപയും യാത്രാനിരക്കിന്‍റെ പകുതിയായും വർധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം.
Also Read: 'പൊതുഗതാഗതം' അവതാളത്തിലാകും; 15 വര്‍ഷം പിന്നിട്ട കെഎസ്‌ആര്‍ടിസി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി ഗതാഗത വകുപ്പ്
പ്രധാനം വിദ്യാര്‍ഥി വിഷയവും പെര്‍മിറ്റും :ഇതുകൂടാതെ സ്വകാര്യബസുകളിലെ പോലെ കെഎസ്ആർടിസി ബസുകളിലും വിദ്യാർഥികൾക്ക് യാത്രാവേളയിൽ തന്നെ പണം നൽകി യാത്ര ചെയ്യാനുളള നടപടി സ്വീകരിക്കുക, വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കുക, വിദ്യാർഥി കൺസഷൻ യാത്രയ്ക്ക് പ്രായപരിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കൊച്ചിയിൽ ചേർന്ന ബസുടമകളുടെ സംയുക്ത യോഗം ഉയര്‍ത്തി. മാത്രമല്ല കേരളത്തിലെ സ്വകാര്യ ബസുകളെ ഇല്ലായ്‌മ ചെയ്യുന്നതിനുവേണ്ടി തകർന്ന് തരിപ്പണമായി കിടക്കുന്ന കെഎസ്ആർടിസിയുടെ പേര് പറഞ്ഞ് 2023 ജനുവരി നാലിന് ഇറക്കിയ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നും നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി തുടരുന്നതിനുള്ള മുൻ സർക്കാരുകളുടെ തീരുമാനം നടപ്പിലാക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
Also Read:'റോഡ് തങ്ങളുടേതാണെന്ന ധാരണ വേണ്ട' ; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
പണിമുടക്കിലേക്ക് ആരെല്ലാം :പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്‌ടിക്കുന്ന ബസ് പണിമുടക്കിലേക്ക് തങ്ങളെ തള്ളിവിടാതെ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. കൊച്ചിയിൽ സംഘടിപ്പിച്ച ബസുടമകളുടെ സംയുക്ത യോഗത്തിൽ ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, കെ.ബി.ടി.എ ജനറൽ സെക്രട്ടറി ഗോകുൽദാസ്, ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പ്രസിഡന്‍റ് നൗഷാദ് ആറ്റുപറമ്പത്ത്, ഓൾ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പളളി, കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി പ്രസാദ്.ആർ, കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി ജോസ് കുഴുപ്പിൽ, ബസ് ഓപ്പറേറ്റേഴ്‌സ് യൂത്ത് ഫെഡറേഷൻ പ്രസിഡന്‍റ് എം.കെ ബാബുരാജ്, കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആസിഫ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.