എറണാകുളം:രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാവിലെ 9.30 മുതല്‍ കപ്പൽ നിർമ്മിച്ച കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പൽ കമ്മിഷൻ ചെയ്‌തത്. ഇതോടെ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.
20000 കോടി രൂപയാണ് വിക്രാന്തിന്‍റെ ആകെ നിർമാണ ചെലവ്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സർബാനന്ദ സോനോവാൾ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈബി ഈഡൻ എംപി ചീഫ് അഡ്‌മിറല്‍ ആർ ഹരികുമാർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. എല്ലാ കൊളോണിയല്‍ കാലത്തെ എല്ലാ ചിഹ്നങ്ങളും ഒഴിവാക്കിയാണ് പുതിയ പതാക രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച് ഏകദേശം ഒരു വ്യാഴവട്ടകാലത്തിന് ശേഷമാണ് കപ്പൽ കമ്മിഷന്‍ ചെയ്യുന്നത്. നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം കപ്പല്‍ ഇന്ത്യൻ നാവികസേനക്ക് കൈമാറിയിരുന്നു.
ഐഎൻഎസ് വിക്രാന്ത്: 260 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഐഎന്‍എസ് വിക്രാന്ത് വലിപ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ ഏഴാം സ്ഥാനത്താണ്. സൂപ്പർ സ്ട്രക്‌ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്‍റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്‌ത കപ്പലിൽ വനിത ഓഫിസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്ത് നിർമിച്ചത്.