എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വിപുലമായ മുന്നൊരുക്കങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം റെയിൽവേ ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചതിനെ തുടർന്നാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. റെയിൽവേ സർവ്വീസ് പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ ട്രെയിൻ വ്യാഴാഴ്ച അർധരാത്രിയോടെ ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തും.
വിപുലമായ മുന്നൊരുക്കങ്ങൾ നടത്തി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ - preperation
കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം റെയിൽവേ ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചതിനെ തുടർന്നാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്
മുന്നൊരുക്കങ്ങളുടെ ഭാഗമായി റെയിൽവേ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിട്ടുള്ള കസേരകൾ പുനർ ക്രമീകരിച്ചുതുടങ്ങി. ഒരുമിച്ചുള്ള മൂന്ന് കസേരകളിൽ നിന്ന് മധ്യത്തിലുള്ള കസേരകൾ അഴിച്ചു മാറ്റുകയാണ്. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. യാത്രക്കാർ ട്രെയിനിൽ കയറുമ്പോൾ അകലം പാലിക്കുന്നതിനായി പ്ലാറ്റ്ഫോമിൽ പ്രത്യേകം അടയാളങ്ങൾ പതിപ്പിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദേശങ്ങൾ യാത്രക്കാർക്ക് നൽകുമെന്നും ട്രെയിനിൽ യാത്രക്കാർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആർ.പി.എഫ് പരിശോധന നടത്തുമെന്നും എറണാകുളം ഏരിയ മാനേജർ നിധിൻ പറഞ്ഞു. സ്റ്റേഷനിലും പരിസരത്തും വാഹന പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് കർശനമായ സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് റിസർവ് ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. ഒരോ യാത്രക്കാരനും യാത്രയിലുടനീളം മുഖാവരണം ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് യാത്രക്ക് അനുമതി ഇല്ല. യാത്ര ആരംഭിക്കുന്നതിന് 90 മിനിറ്റ് മുൻപ് യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തണം. കൂടാതെ യാത്രക്കാർ 'ആരോഗ്യ സേതു' ആപ്പ് അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം എന്നീ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.