എറണാകുളം : യമനിലേക്ക് പോകാൻ അനുമതി നൽകിയതിൽ ഡല്‍ഹി ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി (Premakumari Thanked To Delhi HC Due To Allow To Travel Into Yeman). തനിക്ക് വേണ്ടി കേസ് നടത്തിയ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദിയുണ്ടെന്നും പ്രേമകുമാരി അറിയിച്ചു. യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിനായി യമനിലേക്ക് പോകാൻ അനുമതി നൽകിയ കോടതി വിധിയെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു പ്രേമകുമാരി.
കോടതി അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എത്രയും വേഗം യമനിലേക്ക് യാത്ര തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. തന്‍റെ മകളുടെ ജീവിതം അപകടത്തിലാണ്. കൊല്ലപ്പെട്ട സഹോദരന്‍റെ കുടുംബത്തെ കണ്ടാൽ അവർ മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണെന്നും പ്രേമകുമാരി പറഞ്ഞു.
മകളുടെ മോചനത്തിനായി ശ്രമം നടത്താൻ യമനിലേക്ക് പോകാൻ അനുമതി നൽകണമെന്ന പ്രേമകുമാരിയുടെ ആവശ്യം നേരത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇതേ തുടർന്നാണ് യമൻ സന്ദർശിക്കാൻ അനുമതി തേടി പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ എതിർപ്പ് അവഗണിച്ച് കോടതി യമൻ യാത്രയ്‌ക്ക് അനുമതി നൽകുകയായിരുന്നു.
ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശവും നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. യമനിൽ ഹർജിക്കാരിയെ സഹായിക്കാൻ സന്നദ്ധനായി എത്തിയ സാമുവേൽ ജെറോമിന്‍റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിക്ക് കൈമാറി. സഹായികളായി പോകുന്ന ആക്ഷൻ കമ്മിറ്റി പ്രവർത്തകരായ രണ്ട് മലയാളികളുടെ വിവരങ്ങളും കോടിതിക്ക് നൽകിയിരുന്നു.