കൊച്ചി: കൊല്‍ക്കത്തയില്‍ നടന്ന പ്രീ സുബ്രതോ ഫുട്ബോൾ ടൂർണമെന്‍റിൽ കിരീടം ചൂടിയ വടുതല ഡോണ്‍ ബോസ്കോ സ്കൂൾ ടീമിന് കൊച്ചിയില്‍ സ്വീകരണം. ഫൈനലില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇവർ വിജയിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നടക്കുന്ന സുബ്രതോ മുഖര്‍ജി അന്താരാഷ്ട്ര മത്സരത്തിലേക്ക് വടുതല ഡോണ്‍ ബോസ്കോ യോഗ്യത നേടി.
പ്രീ സുബ്രതോ ഫുട്ബോൾ ടൂർണമെന്‍റ് വിജയികൾക്ക് സ്വീകരണം
ഫൈനലില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇവർ വിജയിച്ചത്.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതല്‍ 26 വരെ നീണ്ട മത്സരത്തില്‍ ഒമ്പത് ടീമുകളെ പരാജയപ്പെടുത്തിയാണ് വടുതല ഡോണ്‍ ബോസ്കോ പ്രീ സുബ്രതോ കിരീടം സ്വന്തമാക്കിയത്. ചരിത്രനേട്ടവുമായി തിരിച്ചെത്തിയ ടീമംഗങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. അഭിമാന നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും സുബ്രതോ കപ്പ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പരിശീലകനായ വിശാൽ പ്രതികരിച്ചു.
ടീമഗംങ്ങളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ടീം മാനേജർ ശ്യാം നാഥ് പറഞ്ഞു. സെമിയില്‍ ഗുജറാത്തിനെയും ലീഗ് മത്സരങ്ങളില്‍ വെസ്റ്റ് ബംഗാള്‍, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ ടീമുകളെയും പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഐസിഎസ്ഇ- ഐഎസ് സി സ്‌കൂള്‍ ടീമുകളെക്കൂടി സുബ്രതോ കപ്പ് ടൂര്‍ണമെന്‍റില്‍ ഉള്‍പ്പെടുത്തിയ ശേഷം ഇന്‍റർനാഷണൽ മത്സരത്തില്‍ കളിക്കാന്‍ യോഗ്യത നേടുന്ന പ്രഥമ ടീമാണ് വടുതല ഡോണ്‍ ബോസ്‌കോ.