എറണാകുളം: ഐതീഹ്യവും ചരിത്രവും ഇഴചേർന്ന് കിടക്കുന്ന പോയാലിമല സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. പ്രകൃതിയൊരുക്കിയ മനോഹര ദൃശ്യങ്ങൾ കാണാൻ നിരവധി സഞ്ചാരികൾ എത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ കുറവ് പരാതിയാകുന്നുണ്ട്. പോയാലിമലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം പോയാലിമല സന്ദർശിച്ചു.
പ്രകൃതിയാല്‍ അനുഗ്രഹീതമായ പോയാലി മലയില്‍ സഞ്ചാരികളുടെ തിരക്കേറുന്നുണ്ട്. അവധി ദിനങ്ങളിൽ മലയുടെ സൗന്ദര്യം ആസ്വദിക്കാനായി നൂറ് കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ നിന്നും മലയ്ക്ക് മുകളിലെത്തി കൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും മുന്നൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും നിറഞ്ഞതാണ്. പതിനാറ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതു സമയവും വീശിയടിക്കുന്ന ഇളം കാറ്റും കൂട്ടിനുണ്ട്. ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെ മുകളിലുളള ഒരിക്കലും വെളളം വറ്റാത്ത കിണറും കാല്‍പ്പാദങ്ങളുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
പോയാലിമല സഞ്ചാരികളെ ആകർഷിക്കുന്നു പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടങ്കിലും മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ പരിമിതമാണ്. പലരും സാഹസികമായി കല്ലുകളില്‍ നിന്നും പാറകളിലേക്ക് ചാടി കടന്നാണ് മലമുകളില്‍ എത്തിപെടുന്നത്. പോയാലിമലയെ വിനോദ സഞ്ചാരമാക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ട് മുമ്പ് ഉയര്‍ന്നതാണ്. ഇതിനു ശേഷം ഇത്ര തന്നെ പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ പായിപ്ര പഞ്ചായത്തിലെ പോയാലിമല ടൂറിസ്റ്റ് കേന്ദമാക്കുവാന്‍ ടൂറിസം വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ് ഉണ്ടാക്കുക, റോപ്പ് സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്‍റുകളില്‍ കാഴ്‌ച സൗകര്യങ്ങള്‍ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുക, മലമുകളിലെ അത്ഭുത കിണറും, കാല്‍പാദവും, വെളളച്ചാട്ടവും, കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവ മലയില്‍ നടപ്പിലാക്കിയാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലി മല മാറും. മാത്രവുമല്ല വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലിമല ടൂറിസം പദ്ധതി നടപ്പിലായാല്‍ നിരവധി പേര്‍ക്ക് തൊഴിലും ഒരു നാടിന്‍റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രം നിലനിര്‍ത്താന്‍ കഴിയും.