എറണാകുളം: തോക്ക് ഇല്ലാതെ വെടിയുണ്ട മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടിച്ചെടുക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിന് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2019ൽ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയുടെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ സുപ്രധാന ഉത്തരവ്.
മഹാരാഷ്ട്രയില്‍ തോക്ക് കൈവശം വയ്‌ക്കാൻ ലൈസന്‍സ് ഉള്ള ബിസിനസുകാരൻ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. 2019 ഏപ്രിൽ നാലിനാണ് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയുടെ ഭാഗമായി ഇയാളുടെ ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയത്.
തുടര്‍ന്ന് ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. വെടിയുണ്ട ബാഗിൽ വന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വച്ചതിന്‍റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരന്‍റെ വാദം കേട്ട കോടതി തോക്കില്ലാതെ വെടിയുണ്ട മാത്രം കണ്ടെത്തിയതിന് ആയുധ നിയമത്തിലെ 25-ാം വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. നിയമത്തില്‍ ആയുധം കൈവശം വയ്ക്കുകയെന്നാല്‍ ബോധപൂര്‍വം കൈവശം വയ്ക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആയുധം കൈവശമുണ്ടെന്ന് വ്യക്തിക്ക് അറിവുണ്ടാവണം. ഈ കേസിൽ തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വച്ചയാള്‍ക്ക് അതിനെക്കുറിച്ച് അറിവില്ലായിരുന്നെന്ന വാദം അംഗീകരിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.