എറണാകുളം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലായി. ഹർത്താലിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കെഎസ്ആർടിസി ബസിന് നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ചത്. സമരാനുകൂലികൾ പലയിടങ്ങളിലും ഒളിച്ചിരുന്ന് കെഎസ്ആർടിസി ഡ്രൈവർമാരെ ലക്ഷ്യം വെച്ച് കല്ലെറിയുകയായിരുന്നു.
'തല രക്ഷിക്കാൻ'; ഹർത്താലിനിടെ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ
ഹർത്താലിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കെഎസ്ആർടിസി ബസിന് നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ചത്.
ഇതോടെയാണ് കല്ലേറിൽ തലയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കാൻ ഡ്രൈവർ തയാറായത്. വെല്ലുവിളികൾക്കിടയിലും ജോലി ചെയ്യാൻ തയാറായ ഡ്രൈവറെ പുകഴ്ത്തി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ആളുകൾ രംഗത്തെത്തി. അതേസമയം ക്രമസമാധാന തകർച്ചയുടെ ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാണിച്ച് വിമർശനവും ഉയരുന്നുണ്ട്.
കൊച്ചിയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ഭാഗികമാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ആക്രമണങ്ങളും നടന്നു. ആലുവ ഗ്യാരേജ്, മാറമ്പിള്ളി, പകലോമറ്റം എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്.