എറണാകുളം : പോപ്പുലർ ഫിനാൻസ് കേസിലെ പ്രതികൾ വൻതോതിൽ ഭൂമിയും വസ്തുക്കളും വാങ്ങിക്കൂട്ടിയെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഉടമ തോമസ് ഡാനിയലിന് ഓസ്ട്രേലിയൻ കമ്പനിയിൽ നിക്ഷേപമുണ്ട്. ആളുകളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതികൾ മറച്ചുവയ്ക്കുന്നു. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ല. പ്രതികളെ ആറ് ദിവസം കൂടി കസ്റ്റഡിയിൽ വിടണമന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കിയത്.
ഓഗസ്‌റ്റ് ഒമ്പതിന് പ്രതികളെ അറസ്‌റ്റ് ചെയ്‌ത് ഇ.ഡി
പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്‌ടര്‍ തോമസ് ഡാനിയേൽ, മകളും ഡയറക്‌ടറുമായ റീന മറിയം എന്നിവരെ ഓഗസ്‌റ്റ് ഒമ്പതിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവരെ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. നേരത്തേ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.