കേരളം

kerala

By

Published : Jul 19, 2022, 4:58 PM IST

ETV Bharat / state

'കുഴികള്‍ അടയ്‌ക്കണമെങ്കില്‍ കെ-റോഡ് എന്ന് പേര് ഇടണോ', സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം

high court statemet k road  high court criticized kerala government  കെ റോഡ്  റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
'കുഴികള്‍ അടയ്‌ക്കണമെങ്കില്‍ കെ-റോഡ് എന്ന് പേര് ഇടണോ', സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം:സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. റോഡുകളിലെ കുഴികള്‍ അടയ്‌ക്കണമെങ്കില്‍ കെ-റോഡ് എന്ന് പേര് ഇടണോ എന്നാണ് കോടതി ചോദിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന സര്‍ക്കാരിനെ പരിഹാസ രൂപത്തില്‍ വിമര്‍ശിച്ചത്.

നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. തകർന്ന റോഡിൽ വീണ് ദിനം പ്രതി അപകടങ്ങൾ വർധിക്കുകയാണ്.

വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെയും കരാറുകാർക്ക് എതിരെയും നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിർമാണമോ അറ്റകുറ്റപ്പണിയോ പൂർത്തിയായ റോഡുകൾ ആറ് മാസത്തിനുള്ളിൽ തകർന്നാൽ വിജിലൻസ് കേസെടുക്കണം. എഞ്ചിനീയർമാർക്കും ബന്ധപ്പെട്ട കരാറുകാർക്കും എതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

അടുത്ത മാസം ഒന്നിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നേരത്തെയും ഇതേ ഹർജികൾ പരിഗണിക്കവെ പശ വച്ച് ഒട്ടിച്ചാണോ റോഡുകൾ നിർമിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

ABOUT THE AUTHOR

...view details