എറണാകുളം: കേരളത്തിലെത്തിയ തൃപ്തി ദേശായിക്ക് ശബരിമല ദർശനത്തിന് സംരക്ഷണം നൽകില്ലന്ന് പൊലീസ്. അതേസമയം തിരിച്ച് പോകുന്നതിന് പൂർണ സുരക്ഷയൊരുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നടത്തിയ ചർച്ചയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഇതേ തുടർന്ന് ബിജെപി ശബരിമല കർമ്മ സമിതി പ്രവർത്തകർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ രാവിലെ മുതൽ തുടങ്ങിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. ശബരിമലയിൽ പ്രവേശിക്കാനെത്തിയ തൃപ്തിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ടി.വി. ബാബു അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയാണ്. തിരിച്ച് പോകുന്ന തൃപ്തിയെ തടയില്ലന്നും അദ്ദേഹം പറഞ്ഞു.
തൃപ്തിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ്
ശബരിമലയില്‍ പ്രവേശിക്കുന്നതിനായി തൃപ്തി ദേശായി രാവിലെയാണ് കേരളത്തിലെത്തിയത്.
ശബരിമലയില്‍ പ്രവേശിക്കുന്നതിനായി തൃപ്തി ദേശായി രാവിലെയാണ് കേരളത്തിലെത്തിയത്. പുലർച്ചെ നാലരയോടെ തൃപ്തിയും സംഘവും കൊച്ചിയിൽ വിമാനമിറങ്ങി. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തുകയായിരുന്നു. അവരോടൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് ഒരാൾ മുളക് പൊടി സ്പ്രേ ചെയ്തു. ഇതേ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പ്രേ അടിച്ച ശ്രീനാഥിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. തൃപ്തി ദേശായിയുമായി നടത്തിയ ചർച്ചയിൽ അവരെ അനുനയിപ്പിച്ച് തിരിച്ചയക്കാമെന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നും തൃപ്തിയെയും സംഘത്തെയും രാത്രിയോടെ വിമാനത്താവളത്തിൽ എത്തിക്കാനാണ് പൊലീസ് തീരുമാനം.
ഇത്തവണ കോടതി ഉത്തരവുമായാണ് താന്‍ എത്തിയിരിക്കുന്നതെന്നും പൊലീസ് തടയുകയാണെങ്കില്‍ അത് കോടതിയലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു.
ദര്‍ശനത്തില്‍ നിന്ന് താന്‍ പിന്മാറണമെങ്കില്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. കഴിഞ്ഞ തവണ ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത്തവണ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് അവർ ശബരിമല ദർശനത്തിനെത്തിയത്.