എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ ലോൺ ആപ്പുകളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ലോൺ ആപ്പുകൾക്കെതിരെ പൊലീസ് പരിശോധന തുടങ്ങിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഇത്തരം ലോണുകളുടെ പിന്നാലെ പോയി ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് പൊലീസ് അറിയിച്ചു (Police warns against online loan apps).
ഇത്തരം ഓൺലൈൻ ഏജൻസികൾ സാധാരണ ഗതിയിൽ ഏഴു ദിവസത്തേക്കാണ് ലോൺ അനുവദിക്കുന്നത്. അയ്യായിരം രൂപ ലോൺ ആവശ്യപ്പെടുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് ശരാശരി മൂവായിരം മുതൽ മൂവായിരത്തി അഞ്ഞുറു രൂപ വരെയാണ് വരുന്നത്. അയ്യായിരം രൂപയ്ക്ക് ഏഴു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ വരെയാണ് പലിശ. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.
ലോൺ അനുവദിക്കുന്നതിന് ഏജൻസി നിർദ്ദേശിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും. ലോൺ അടക്കാതെ വന്നാൽ മൊബൈലിലുള്ള നമ്പറിലേക്ക് ലോൺ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം ആദ്യം അയക്കും. തുടർന്ന് മോർഫ് ചെയ്‌ത നഗ്ന ചിത്രങ്ങളും, ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും, ഫോണിൽ നിന്ന് കവർന്നെടുത്ത നമ്പറുകളിലേക്കും അയക്കും. ഇതിലൂടെ ലോൺ എടുത്തയാൾ മാനസികമായി തകരുകയുമാണ് ചെയ്യുന്നത്.