എറണാകുളം:ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ. സൈബിക്കെതിരായ കേസിന്‍റെ പ്രഥമ വിവര റിപ്പോർട്ട് പൊലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ജഡ്‌ജിമാർക്കെന്ന വ്യാജേന അഭിഭാഷകൻ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
കക്ഷികളെയും എതിർ കക്ഷികളെയും വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ പണം വാങ്ങിയത്. അഡ്വ സൈബി ജോസിന്‍റേത് രണ്ട് വർഷം നീണ്ട കൈക്കൂലി ഇടപാടാണെന്ന് എഫ്‌ഐആറിലുണ്ട്. 2020 ജൂലൈയ്‌ക്കും 2022 ഏപ്രിലിനും ഇടയ്‌ക്കായിരുന്നു കൈക്കൂലി ഇടപാട്. എന്നാല്‍ എത്ര തുകയുടെ ഇടപാടുകളാണെന്നോ ആരുമായാണ് ഇടപാടുകള്‍ നടത്തിയതെന്നോ എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമനാണ് എഫ്‌ഐആറിലെ പരാതിക്കാരന്‍. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.