എറണാകുളം :ആലുവയിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്‌ഫാക്ക് ആലം ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ നേരത്തെയും പോക്‌സോ കേസുണ്ട്. ആലുവ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
2018ലാണ് ഇയാള്‍ക്കെതിരെയുള്ള കേസിനാസ്‌പദമായ സംഭവം. പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗാസിപൂര്‍ പൊലീസാണ് അസ്‌ഫാക്ക് ആലത്തിനെ അറസ്റ്റ് ചെയ്‌തത്. ഒരുമാസം ഡല്‍ഹി ജയിലില്‍ തടവില്‍ കഴിയുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസിലാണ് അസ്‌ഫാക്ക് ആലം പ്രതിയായതെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് (എൻസിആർബി) കൈമാറി നടത്തിയ പരിശോധനയിലാണ് ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞതെന്ന് ആലുവ റൂറൽ എസ്.പി വിവേക് വ്യക്തമാക്കി.
തിരിച്ചറിയൽ പരേഡ് പൂർത്തിയായി : അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പ്രതിയെ മൂന്ന് സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോകുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത തൊഴിലാളി താജുദ്ദീന്‍, പ്രതി കുട്ടിയുമായി യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, യാത്രക്കാരി, എന്നിവരെയാണ് തിരിച്ചറിയൽ പരേഡിനായി എത്തിച്ചത്.
മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ച് കോടതി തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയിരുന്നു. പ്രതിക്ക് വേണ്ടിയുളള കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ആദ്യഘട്ടത്തിൽ ഒരാഴ്‌ചത്തെ കസ്റ്റഡിയിലാണ് ആവശ്യപ്പെടുന്നത്.
പൊലീസ് അന്വേഷണം വിശദമായി തന്നെ :കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രതി മൊഴി നൽകിയതെങ്കിലും പൊലീസ് ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടത്തും. കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും പ്രതിയെ സംഭവം നടന്ന ആലുവ മാക്കറ്റിലെ പറമ്പിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കടയിലും ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക.
ഇക്കഴിഞ്ഞ (ജൂലൈ 28) വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക്ക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യ ലഹരിയിൽ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ശനിയാഴ്‌ച (ജൂലൈ 29) രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്. ആദ്യ ഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്ന് പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു.
ഇതോടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കുട്ടിയെ കൊലപ്പെടുത്തി ആലുവ മാര്‍ക്കറ്റിന് പിന്‍വശത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമായി. ഞായറാഴ്‌ച (ജൂലൈ 30) കുട്ടി പഠിച്ച തായിക്കാട്ടുക്കര എൽപി സ്‌കൂളിൽ പൊതു ദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം കീഴ്‌മാട് പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചു.