എറണാകുളം: ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹ മാധ്യമത്തിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് ഷിയാസിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 506, പൊലീസ് ആക്‌ട് 117 E,120 (O) എന്നീ വകുപ്പുകൾ പ്രകാരമാണ് കളമശേരി പൊലീസിൻ്റെ നടപടി.
ബുധനാഴ്‌ച കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്‌യു ജില്ല സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസുകാരൻ പിടിച്ചു മാറ്റുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷിയാസിന്‍റെ മുന്നറിയിപ്പ്. 'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്‌ക്കും, കളി കോൺഗ്രസിനോട് വേണ്ട' എന്നും ഡിസിസി പ്രസിഡന്‍റ് ഷിയാസ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിയമ നടപടി തുടങ്ങിയത്.
അതേസമയം വനിത പ്രവർത്തകയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്‌തുവെന്ന് ആരോപിച്ച് ഷിയാസ് പൊലീസ് മേധാവിക്ക് ബുധനാഴ്‌ച പരാതി നൽകിയിരുന്നു. കളമശേരി സിഐ പി ആർ സന്തോഷിന്‍റെ നേതൃത്വത്തിൽ ഒരുപറ്റം പുരുഷ പൊലീസുകാർ വനിത പ്രവർത്തകയെ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്‌തുവെന്നായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം.
പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം സ്‌ത്രീകൾക്കെതിരെയുള്ള അക്രമണമായി കണക്കാക്കുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട പൊലീസ് മാനുവലിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായും നിയമപരമായും അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മിവ ജോളിയെ വനിത പൊലീസ് ഇല്ലാതെ അതിക്രൂരമായി ആക്രമിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്‌തെന്നും ഷിയാസ് പരാതിയിൽ പറഞ്ഞു.
ഇത്തരത്തിൽ സ്‌ത്രീകൾക്ക് സംരക്ഷണം ഒരുക്കേണ്ട പൊലീസ് തന്നെയാണ് അതിക്രൂരമായി വനിത പ്രവർത്തകയായ മിവ ജോളിയെ മർദിച്ച് അവശയാക്കിയത്. ഈ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിലും പരാതിക്കാരനായ ഷിയാസ് തന്നെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായിരിക്കുകയാണ്.