എറണാകുളം :കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാങ്ങ മോഷ്‌ടിച്ചതിന് പിന്നാലെ സേനയ്ക്ക് നാണക്കേടായി സമാനമായ മറ്റൊരു സംഭവം കൂടി. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്‌ടിച്ച കൊച്ചി എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അമല്‍ ദേവ് അറസ്റ്റിലായി. ഇന്നലെ(ഒക്‌ടോബര്‍ 20) രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഞാറക്കല്‍ സ്വദേശി നടേശന്‍റെ വീട്ടിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. നടേശന്‍റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒക്‌ടോബര്‍ 13നാണ് കേസിനാസ്‌പദമായ സംഭവം. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് നടേശന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ സന്ദര്‍ശകരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതിയായ അമല്‍ ദേവ് കുറ്റം സമ്മതിച്ചു. ഓൺലൈൻ റമ്മി കളിക്കാന്‍ വേണ്ടിയുള്ള പണത്തിനായാണ് ഇയാള്‍ മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.