എറണാകുളം : പൊലീസ് മർദ്ദനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചങ്ങനാശേരി സ്വദേശികളായ ഷാൻമോൻ ,സഹോദരൻ സജിൻ രജീബ് എന്നിവരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന ഹർജിയിൽ ആലപ്പുഴ ജില്ല പൊലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി.
നൂറനാട് ചുനക്കര സ്വദേശിക്ക് ഫർണിച്ചർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് തങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്നും ഇത് മൊബൈലിൽ പകർത്തിയതിനെത്തുടർന്ന് പക പോക്കാൻ കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്തെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് സഹോദരൻമാരെ റിമാൻഡ് ചെയ്ത സംഭവത്തിലൂടെ പൊലീസ് ജുഡീഷ്യൽ സംവിധാനത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് കോടതി വിമർശിച്ചു. കേസിൽ എതിർ കക്ഷികളായ എസ്.ഐയടക്കമുള്ള പൊലീസുകാർക്ക് നോട്ടീസ് നൽകാനും സിംഗിൾബഞ്ച് നിർദ്ദേശിച്ചു.