എറണാകുളം: കളമശ്ശേരി എആർ ക്യാംപിലെ ഡ്രൈവറായ സീനിയർ സിവിൽ പൊലീസ് ഓഫീസർ മൂവാറ്റുപുഴ സ്വദേശി ജോബി ദാസിനെ (Joby Das) (48) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എഎസ്‌പിയ്ക്ക് അന്വേഷണ ചുമതല നൽകി.(Police Driver Committed Suicide ) ആലുവ എഎസ്‌പി കെ ബിജുമോൻ കേസ് അന്വേഷിക്കുമെന്ന് എസ്‌പി വിവേക് കുമാർ അറിയിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് താൻ ജീവിതമവസാനിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു (Suicide Note).
ഇതേ തുടർന്നാണ് റൂറൽ പൊലീസ് അന്വേഷണം നടത്തുന്നത്. ജോബി ദാസ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിൽ
കുറച്ചുനാളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. മരണത്തിന് ഉത്തരവാദികൾ പൊലീസ് ഡിപ്പാർട്മെന്‍റും രണ്ട് മേലുദ്യോഗസ്ഥരും ആണെന്നും അവർ മൃതദേഹം കാണാൻ വരരുതെന്നും കത്തില്‍ പറയുന്നുണ്ട്. താൻ ജീവിതമവസാനിപ്പിക്കുകയാണെന്ന് ഇയാൾ സുഹൃത്തുക്കൾക്കും സന്ദേശമയച്ചിരുന്നു. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടോടെ റാക്കാട് നന്തോട് ശക്തിപുരത്തുള്ള വീട്ടിലാണ് ജോബി ദാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.
സ്‌കൂൾ ജീവനക്കാരിയായ ഭാര്യയും വിദ്യാർഥികളായ മക്കളും സ്‌കൂളിൽ പോയ സമയത്താണ് ജോബി ആത്മഹത്യ ചെയ്‌തതെന്നാണ്
വിവരം. മരണവിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ് വീട് പൂട്ടി കാവൽ ഏർപ്പെടുത്തിയെങ്കിലും ഇതിനുമുൻപേ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരുന്നു. മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പൊതുദർശന ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.