എറണാകുളം: പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ എന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. പത്‌മയെ കയറ്റി കൊണ്ടുപോയ സ്‌കോര്‍പിയോ ഷാഫിയുടെതാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നരബലി ആസൂത്രണം ചെയ്‌തത് ഷാഫിയാണ്. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് കമ്മിഷണര്‍ അറിയിച്ചു.
സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പ്രതികരിക്കുന്നു എന്നാല്‍ ഭഗവല്‍ സിങ്ങിനും ഭാര്യക്കും ക്രിമിനല്‍ പശ്ചാത്തലമില്ല. രണ്ടു കൊലപാതകങ്ങളും നടന്നത് വൈകിട്ട് 5 മണിക്ക് ശേഷമാണ്. കൊലപാതകത്തിന് ശേഷം മാംസം ഭക്ഷിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങളും പ്രതികള്‍ അഴിച്ചെടുത്തിരുന്നു. പ്രതികളുടെ വീട്ടില്‍ നിന്ന് മന്ത്രവാദത്തിന്‍റെ പുസ്‌തകവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതായി കമ്മിഷണര്‍ അറിയിച്ചു. കൂടാതെ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നതും അന്വേഷിക്കും. വിശദമായ അന്വേഷണത്തിനായി പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
Also Read: പത്മയുടെ ശരീരം 56 കഷണങ്ങള്‍, റോസ്‌ലിന്‍റെ സ്വകാര്യ ഭാഗത്ത് ജീവനോടെ കത്തി കയറ്റി; കൃത്യം ദേവപ്രീതിക്കായി