എറണാകുളം:പൊതുവേദിയില്‍ ജാതീയ അധിക്ഷേപം നടത്തിയതിന് ട്വന്‍റി ട്വന്‍റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിനെതിരെ പൊലീസ് കേസ്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍റെ പരാതിയില്‍ പുത്തന്‍ കുരിശ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു ജേക്കബിനെതിരെ കേസെടുത്തിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക്കാണ് കേസിലെ രണ്ടാം പ്രതി.
കുന്നത്തുനാട് സംവരണ മണ്ഡലത്തില്‍ നിന്ന് നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സാബു എം ജേക്കബ് തന്നെ നിരന്തരം സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും ശ്രമിക്കുകയാണെന്നാണ് എംഎല്‍എ ശ്രീനിജന്‍റെ ആരോപണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ തന്നെ മുറിക്കുളളില്‍ പൂട്ടിയിടണമെന്ന് പരസ്യപ്രസ്‌താവന നടത്തി. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ തന്നോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്‍റി ട്വന്‍റി പാർട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെയും മറ്റുള്ളവരെയും വിലക്കിക്കൊണ്ട് പ്രസ്‌താവന പുറപ്പെടുവിച്ചു. മറ്റുള്ളവരുടെ മനസില്‍ തന്നെ കുറിച്ച് വൈരാഗ്യവും വെറുപ്പും ഉണ്ടാക്കുന്ന തരത്തിലാണ് സാബു ജേക്കബ് പ്രവര്‍ത്തിക്കുന്നതെന്നും എംഎല്‍എയുടെ പരാതിയില്‍ പറയുന്നു.
സാബു എം ജേക്കബിന് പുറമെ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്, വൈസ് പ്രസിഡന്‍റ് പ്രസന്ന പ്രദീപ്, മെമ്പര്‍മാരായ സത്യപ്രകാശ് എ, ജീൽ മാവേലിൽ, രജനി പി ടി എന്നിവരുടെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പടെയാണ് ഇവര്‍ക്കെതിരെ എംഎല്‍എ ഉന്നയിക്കുന്ന ആരോപണം. സാമൂഹ്യപരമായി തന്നെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഇവര്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.