എറണാകുളം:ഭക്ഷ്യക്ഷാമം നേരിടുന്ന ആനകൾക്ക് പെരുമ്പാവൂർ റയോൺസ് പറമ്പിൽ നിന്നും പനമ്പട്ട ലഭ്യമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആനകൾക്കുള്ള ഭക്ഷണം ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ആനകൾക്ക് പെരുമ്പാവൂർ റയോൺസ് പറമ്പിൽ നിന്നും പനമ്പട്ട ലഭ്യമാക്കി - ഭക്ഷണം
ആന ഉടമകൾക്ക് പനമ്പട്ട വെട്ടിയെടുക്കുന്നതിനോ അല്ലെങ്കിൽ ആനകളെ അവിടെ തളച്ചു തീറ്റ ലഭ്യമാക്കുന്നതിനോ അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഭക്ഷ്യക്ഷാമം നേരിടുന്ന ആനകൾക്ക് പെരുമ്പാവൂർ റയോൺസ് പറമ്പിൽ നിന്നും പനമ്പട്ട ലഭ്യമാക്കിയത്
പെരുമ്പാവൂർ റയോൺസ് സ്ഥിതി ചെയ്യുന്ന 67 ഏക്കർ സ്ഥലത്ത് ധാരാളം പനകൾ ഉണ്ട്. ആന ഉടമകൾക്ക് പനമ്പട്ട വെട്ടിയെടുക്കുന്നതിനോ അല്ലെങ്കിൽ ആനകളെ അവിടെ തളച്ചു തീറ്റ ലഭ്യമാക്കുന്നതിനോ അനുവദിക്കണമെന്ന് ആന ഉടമകളുടെ സംഘം രക്ഷാധികാരി അഡ്വ. ടി.എൻ അരുൺ കുമാർ എം എൽ എ എൽദോസ് കുന്നപ്പള്ളിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അടഞ്ഞ് കിടക്കുന്ന റയോൺസ് കമ്പനിയിൽ നിന്ന് പനമ്പട്ട വെട്ടിയെടുക്കാൻ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയത്.
എറണാകുളം ജില്ലയിൽ 15 നാട്ടാനകളാണ് ഉള്ളത്. തെങ്ങിൻ്റെ ഓലയും പനമ്പട്ടയുമാണ് സാധാരണ ആനകൾക്ക് നൽകുന്ന തീറ്റ. തീറ്റയുടെ ലഭ്യതകുറവ് പാപ്പാന്മാരെയും പ്രതിസന്ധിയിലാക്കിയിരുന്നു. തീറ്റ പരിമിതപ്പെടുതുന്നതും ദീര്‍ഘനേരം ആഹാരം കൊടുക്കാതെയിരിക്കുന്നതും ആനകളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കും. ആനയുടെ ജീവിതരീതിക്കനുയോജ്യമായ പരിപാലനരീതികള്‍ സ്വീകരിച്ചാല്‍ മാത്രമേ ആന ഇടയാനുള്ള സാധ്യത ഒഴിവാക്കാൻ സാധിക്കു.