എറണാകുളം:ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 99 വയസുള്ള ഒരു യുവാവിനെ കാണുവാനുള്ള അവസരം തനിക്ക് ഉണ്ടായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 വയസുള്ള ആ യുവാവ് സുപ്രസിദ്ധനായ ഗാന്ധിയന്‍ ശ്രീ വി പി അപ്പുക്കുട്ടന്‍ പൊതുവാളായിരുന്നുവെന്നും കളരി പയറ്റ് ഗുരു എസ് ആര്‍ ഡി പ്രസാദ്, ഐ ഐസക്ക്, ചെറുവയല്‍ രാമന്‍ തുടങ്ങിയവരില്‍ നിന്ന് കേരളത്തിലെ ഓരോ പ്രതിഭയും പഠിക്കണമെന്നും മോദി നിര്‍ദേശിച്ചു. സുപ്രസിദ്ധനായിട്ടുള്ള ശാസ്‌ത്രജ്ഞന്‍ ശ്രീ നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍കൊള്ളുന്ന നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം: പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്‌കാരം എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. 'കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി മുന്നോട്ട് വന്നിട്ടുള്ള ചെറുപ്പക്കാര്‍ക്കും യുവതീ യുവാക്കന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ഒരു ദൗത്യം ഊര്‍ജ്ജസ്വലമാകുന്നത് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുവതി യുവാക്കന്മാരുടെ കരുത്ത് കൊണ്ടാണ്'.
'കേരളത്തിലെത്തുമ്പോള്‍ അത് കൂടുതല്‍ സുന്ദരമാകുന്നു. അത് കൊണ്ട് തന്നെ ഇവിടെ വരുമ്പോള്‍ എനിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. ഇന്ന് നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ഇവിടെ നമ്മള്‍ സമ്മേളിക്കുന്ന വിദ്യാലയവും 75 വര്‍ഷത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇവിടെ വരുവാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു'.
'യുവം' എന്ന പരിപാടിയെക്കുറിച്ച് മോദി: 'ഇന്ന് നമ്മുടെ നാട് അമൃതകാലത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് കേരളത്തിലെ യുവാക്കള്‍ 'യുവം' എന്ന പേരില്‍ ഒരുമിച്ച് വരാന്‍ തീരുമാനിച്ചിരിക്കുന്നത് എറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ അവസരത്തില്‍ ഇവിടെ ഒരുമിച്ച് കൂടിയ എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍ അര്‍പ്പിക്കുകയാണ്'.
'സുഹൃത്തുക്കളെ, ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 99 വയസുള്ള ഒരു യുവാവിനെ കാണുവാനുള്ള അവസരം എനിക്ക് ഉണ്ടായി. 99വയസുള്ള ആ യുവാവ് സുപ്രസിദ്ധനായ ഗാന്ധിയന്‍ ശ്രീ വി പി അപ്പുക്കുട്ടന്‍ പൊതുവാളായിരുന്നു. അദ്ദേഹത്തിന് ഭാരതീയ ജനത പാര്‍ട്ടിയുടെ സര്‍ക്കാര്‍, പത്‌മ അവാര്‍ഡ് നല്‍കി ആദരിച്ചു. അതേപോലെ തന്നെ ഇവിടെ സന്നിഹിതനായിട്ടുള്ള കളരി പയറ്റ് ഗുരു ശ്രീ എസ് ആര്‍ ഡി പ്രസാദ് ആണെങ്കിലും ചരിത്രകാരനായിട്ടുള്ള ശ്രീ ഡി ഐ ഐസക്ക് ആണെങ്കിലും അതല്ല പരമ്പരാഗത കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവയല്‍ രാമനാണെങ്കിലും കേരളത്തിലെ ഓരോ പ്രതിഭയും അവരില്‍ നിന്ന് ധാരാളം പഠിക്കുവാനുണ്ട്'.
'സുപ്രസിദ്ധനായിട്ടുള്ള ശാസ്‌ത്രജ്ഞന്‍ ശ്രീ നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍കൊള്ളുന്ന നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. നമ്മള്‍ ഓര്‍മിക്കേണ്ടതുണ്ട് നമ്മുടെ രാജ്യത്ത് പരമ്പരാഗതമായിട്ടുള്ള അറിവിനെ പുരനുദ്ധാരണം ചെയ്യേണ്ട ആവശ്യം വന്നപ്പോള്‍ കേരളത്തില്‍ നിന്ന് ആദിശങ്കരാചാര്യന്‍ ഭൂജാതാനായി. നമ്മുടെ അനാചാരങ്ങള്‍ക്കെതിരായിട്ട് കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെ മുറുക്കെപിടിക്കുന്നവര്‍ക്ക് എതിരായിട്ട് സമൂഹത്തില്‍ ഉണര്‍വുണ്ടാക്കുന്ന ഒരു സാമൂഹിക നവോദ്ധാനമുണ്ടാക്കേണ്ട ആവശ്യമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജന്മം കൊണ്ടു'.
സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പ്രധാനമന്ത്രി: 'സ്വാതന്ത്ര സമരത്തിന്‍റെ കാലഘട്ടത്തില്‍ അക്കമ്മ ചെറിയാനും കെ കുമാറും കെ കേളപ്പനും എന്‍ കെ ദാമേദരന്‍ നായരും സ്വദേശി പത്‌മനാഭന്‍ അയ്യങ്കാര്‍ മുതലുള്ള നിരവധി പേരും അവരുടെ സര്‍വസ്വവും നാടിന് വേണ്ടി സമര്‍പ്പിച്ചു. ഇന്ന് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് ആ പാരമ്പര്യത്തെ പിന്തുടര്‍ന്നുകൊണ്ട് കേരളത്തിലെ ചെറുപ്പക്കാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ മുന്നോട്ട് വന്നിരിക്കുന്നു എന്നത്'.