എറണാകുളം: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(01.09.2022) നിർവഹിക്കും. എസ്‌എൻ ജങ്ഷൻ വടക്കേക്കോട്ട സ്റ്റേഷനുകളും പ്രധാനമന്ത്രി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. വ്യാഴാഴ്‌ച വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം ആറ് മണിയോടെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ നിർവഹിക്കുക.
എസ്‌എൻ ജങ്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള പാതയുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ അനിൽകുമാർ, ഹൈബി ഈഡൻ എംപി, മന്ത്രിമാരായ ആന്‍റണി രാജു, പി.രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ട ഇടനാഴി ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.
രണ്ടാം ഘട്ടത്തിൽ 11 മെട്രോ സ്റ്റേഷന്‍:കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിനൊടുവിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ നിർമാണവും ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളുടെ എഴുപത് ശതമാനം ഇതിനകം പൂർത്തീകരിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ 11 മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത ആദ്യഘട്ട പ്രവൃത്തിയാണ് ഒന്നാം ഘട്ട വിപുലീകരണം. ഘട്ടം ഐഎയുടെ ഉദ്‌ഘാടനത്തോടെ കൊച്ചി മെട്രോ 24 സ്റ്റേഷനുകളുള്ള 27 കിലോമീറ്ററായി മാറും.
ഏറ്റവും വലിയ മെട്രോ സ്റ്റേഷന്‍ വടക്കേക്കോട്ട: പുതിയ രണ്ട് സ്റ്റേഷനുകളുടെയും റവന്യൂ പ്രവർത്തനങ്ങൾ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. പേട്ട-എസ്‌എൻ ജങ്‌ഷൻ പാതയുടെ പ്രവർത്തനങ്ങൾക്ക് പരിശോധനകൾക്കുശേഷം മെട്രോ റെയിൽ സുരക്ഷ കമ്മിഷണർ നേരത്തെ അനുമതി നൽകിയിരുന്നു. 4.3 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള വടക്കേക്കോട്ടയാണ് മെട്രോ സ്റ്റേഷനുകളിൽ ഏറ്റവും വലുത്.
മറ്റ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്‌തമായി, പുതിയ സൗകര്യങ്ങൾക്ക് അകത്തും പുറത്തും വലിയ വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് വടക്കേക്കോട്ട. ഈ സ്‌റ്റേഷനിൽ സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിന്‍റെ പങ്ക് അതിന്‍റെ പ്രമേയമായി ചിത്രീകരിച്ചിട്ടുണ്ട്. എസ്‌എൻ ജങ്‌ഷൻ ആയുർവേദത്തെയും അതിന്‍റെ ആധുനിക സമീപനങ്ങളെയും പ്രമേയമായി അവതരിപ്പിക്കുന്നു. എസ്‌എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതോടെ പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോയിൽ കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.