കേരളം

kerala

ETV Bharat / state

മന്ത്രവാദവും ദുരാചാരങ്ങളും നിരോധിക്കണം; ചട്ടം വൈകുന്നതിനെ കുറിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി - ദുര്‍മന്ത്രവാദം

സംസ്ഥാനത്ത് മന്ത്രവാദവും ദുരാചാരങ്ങളും നിരോധിച്ചു കൊണ്ട് ചട്ടം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇവ നിരോധിച്ചു കൊണ്ട് ചട്ടം പാസാക്കാന്‍ കാലതാമസം എടുക്കുന്നത് എന്തു കൊണ്ടാണെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു

Plea in Kerala HC seeking law to prohibit practice of black magic  Kerala HC  prohibit practice of black magic  practice of black magic  practice of black magic in Kerala  മന്ത്രവാദവും ദുരാചാരങ്ങളും നിരോധിക്കണം  ഹൈക്കോടതി  കേരള യുക്തിവാദി സംഘം  മന്ത്രവാദം  ദുരാചാരങ്ങള്‍  ദുര്‍മന്ത്രവാദം  ചീഫ് ജസ്റ്റിസ് എസ് മണികുമാർ
ഹൈക്കോടതി

By

Published : Feb 15, 2023, 11:53 AM IST

എറണാകുളം:സമൂഹത്തില്‍ നടക്കുന്ന മന്ത്രവാദം, ദുര്‍മന്ത്രവാദം, ദുരാചാരങ്ങള്‍ എന്നിവയ്‌ക്കെതിരെ ചട്ടം കൊണ്ടുവരാന്‍ വൈകുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. മന്ത്രവാദം, ദുര്‍മന്ത്രവാദം, ദുരാചാരങ്ങള്‍ എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ്, ചട്ടം കൊണ്ടുവരുന്നത് വൈകുന്നതിന്‍റെ കാരണത്തെ കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹര്‍ജി രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു. യുക്തിവാദത്തിനും മാനവികതയ്ക്കും ശാസ്‌ത്രീയ മനോഭാവത്തിനും അന്വേഷണ മനോഭാവത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന കേരള യുക്തിവാദി സംഘം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും കുറ്റകൃത്യങ്ങള്‍ തുടരുകയാണെന്ന് കേരള യുക്തിവാദി സംഘത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. 'നിലവിൽ, പൊതു ശിക്ഷ നിയമത്തിൽ ഇത് നിരോധിക്കുന്നതിനോ അല്ലാത്ത വിധത്തിൽ കൈകാര്യം ചെയ്യുന്നതിനോ മതിയായ വ്യവസ്ഥകളൊന്നുമില്ല. കർണാടകയും മഹാരാഷ്‌ട്രയും ഇക്കാര്യത്തിൽ ചട്ടങ്ങൾ പാസാക്കിയ രണ്ട് സംസ്ഥാനങ്ങളാണ്', ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ, ദുർമന്ത്രവാദം എന്നിവ നിർമാർജനം ചെയ്യുന്നതിനുള്ള 2019 ലെ ബിൽ സംബന്ധിച്ചുള്ള നിയമ പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നരബലിയും മറ്റ് മനുഷ്യത്വരഹിതവും പ്രാകൃതവുമായ ആചാരങ്ങളും മന്ത്രവാദവും മറ്റും നിയമവിരുദ്ധമാണെന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മന്ത്രവാദ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ ഉള്ളടക്കമാക്കി ചിത്രീകരിക്കുന്ന സിനിമകൾ, സീരിയലുകൾ, ടെലിഫിലിമുകൾ എന്നിവ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

ABOUT THE AUTHOR

...view details