ഇംഗ്ലീഷ് കവിതകളാൽ വിസ്‌മയിപ്പിച്ച് പി കെ സിദ്ധാർഥ് എറണാകുളം : ജോൺ കീറ്റ്സ്, വില്യം വേർഡ്‌സ് വർത്ത്, സാമുവർ ടെയ്‌ലർ കോൾറിഡ്‌ജ്, ടി.എസ് ഇലിയട്ട്... ലോകം ആരാധിക്കുന്ന ഇംഗ്ലീഷ് കവികൾ. ഇവർക്കെന്താ ഈ കഥയില്‍ കാര്യമെന്ന് ചോദിച്ചാല്‍ ഇത് കഥയല്ല, കവിതയാണ്... തൃപ്പൂണിത്തുറ പേട്ട സ്വദേശിയായ പി കെ സിദ്ധാർഥ് ഇവരെയെല്ലാം വായിച്ച് കവിയായ കഥ.
ആറാം ക്ലാസ് മുതൽ എഴുതി തുടങ്ങിയ സിദ്ധാർഥിലെ കവിയെ കണ്ടെത്തിയത് അമ്മയാണ്. കൊവിഡ് കാലത്ത് ജീവിതം ലോക്കായപ്പോൾ സിദ്ധാർഥിന്‍റെ ഇംഗ്ലീഷ് സാഹിത്യം വെളിച്ചം കണ്ടു. മുന്നൂറോളം മനോഹര കവിതകളാണ് സിദ്ധാർഥ് എഴുതിയത്. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും സിദ്ധാർഥ് സ്വന്തം പേരില്‍ എഴുതി ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒരു ഡസൻ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളാണ് സിദ്ധാർഥ് പുറത്തിറക്കിയത്. ഇനിയും ഏറെ എഴുതാനുണ്ട്. പ്രണയമാണ് എഴുത്തിനോട്. കവിതകളില്‍ നിറയുന്നതും പ്രണയം. കാലത്തിന്‍റെയോ രാജ്യത്തിന്‍റെയോ അതിരുകളില്ലാതെ വായിക്കപ്പെടുന്ന, ലോകം തിരിച്ചറിയുന്ന കവിയായി മാറണം. സിദ്ധാർഥ് പറഞ്ഞുനിർത്തി.
ലോകം തിരിച്ചറിയുന്ന കവിയായി മാറണം : കാൽപ്പനിക പ്രസ്ഥാനത്തിന്‍റെ നായകനായ ലോര്‍ഡ് ബൈറണും, ചിലിയൻ പ്രണയ കവി പാബ്ലോ നെരൂദയും, വില്യം ഷേക്‌സ്‌പിയറുമൊക്കെയാണ് കാവ്യ മേഖലയിലെ സിദ്ധാർഥിന്‍റെ ഹീറോകൾ. ഇവരെ പോലെ കാലത്തിന്‍റെയോ രാജ്യത്തിന്‍റെയോ അതിരുകളില്ലാതെ വായിക്കപ്പെടുന്ന കവിയായി വളരണമെന്ന വലിയ മോഹം സിദ്ധാർഥിനുണ്ട്.
ലോകം തിരിച്ചറിയുന്ന കവിയായി മാറുകയാണ് തന്‍റെ ജീവിതാഭിലാഷമെന്നും അദ്ദേഹം പറയുന്നു. അമ്മയും അച്ഛനും, പ്ലസ്‌ടു പഠിച്ച സ്‌കൂളിലെ പ്രധാന അധ്യാപകനുമാണ് കവിതയെഴുതാനുള്ള പ്രചോദനം സിദ്ധാർഥിന് നൽകിയത്. ഏകാന്തതയെ ഇഷ്‌ടപ്പെടുന്ന സിദ്ധാർഥ് അർദ്ധ രാത്രികളിൽ ഉണർന്നിരുന്ന് തന്‍റെ കവി ഭാവനയിൽ നെയ്തെടുക്കുന്ന വരികളാണ് കവിതകളാക്കി ചിട്ടപ്പെടുത്തുന്നത്.
സ്നേഹവും, പ്രണയവുമാണ് സിദ്ധാർഥിന്‍റെ കവിതകളെ സമ്പന്നമാക്കുന്നത്. സാഹിത്യ മേഖലയിലെ ആധുനികതയും, ഉത്തരാധുനികതയും ഉൾപ്പടെയുള്ള സമീപനങ്ങളെ കുറിച്ചും സിദ്ധാർഥിന് വ്യക്തമായ ധാരണകളുണ്ട്.
അണിയറയിൽ ഒരുങ്ങി നൂറോളം കവിതകൾ : പ്രണയം പ്രധാനമായും പ്രമേയമാക്കിയ നൂറോളം ഇംഗ്ലീഷ് കവിതകൾ പ്രസിദ്ധീകരിക്കാനായി അണിയറയിൽ ഒരുക്കിയിട്ടുണ്ട്. ലേഖനങ്ങളും കഥകളും വഴങ്ങുമെങ്കിലും കവിതയെഴുതാനാണ് സിദ്ധാർഥ് കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്. കവിതയെഴുതി ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കണമെന്ന ആഗ്രഹവും സിദ്ധാർഥിനുണ്ട്.
ബിനീത്ത് ദോസ് തൗസൻഡ് സ്റ്റാർസ്, സോൾസ് ഫോർ സെയിൽ, ഓ ഡോണ, വെൻ ദി വേൾഡ് വാസ് ബിറ്റൻ ബൈ കൊറോണ, എ ജേർണി ത്രൂ മൈ ഡ്രീംസ്, മൈ ഏർലി പാഷൻ, ദി പാർടിങ് ലവ് തുടങ്ങിയ പന്ത്രണ്ട് കവിത സമാഹാരങ്ങളാണ് ഇതിനകം വായനക്കാരിലേക്ക് എത്തിയത്.
എം.ജി സർവകലാശാലയിൽ നിന്ന് എം.എ ഹിസ്റ്ററി മൂന്നാം റാങ്കോടെ പാസായ പി കെ സിദ്ധാർഥ് സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരായ അച്ഛൻ പി.കെ സേതുമാധവനും അമ്മ സ്‌മിതയും മകന്‍റെ താത്‌പര്യങ്ങള്‍ തിരിച്ചറിഞ്ഞ് പൂർണ പിന്തുണയാണ് നൽകുന്നത്.