ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു; പിറവം പള്ളിയില്‍ സംഘാര്‍ഷാവസ്ഥ
സംഘർഷ സാധ്യത കണക്കിലെടുത്ത് പിറവം പള്ളിയില്‍ വൻ പൊലീസ് സുരക്ഷ. പള്ളിക്കകത്ത് പ്രതിഷേധവുമായി യാക്കോബായ വിഭാഗം. ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു
എറണാകുളും:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയും നിർദേശിച്ച പശ്ചാത്തലത്തിൽ പള്ളിയുടെ പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ ഗേറ്റിൽ രാവിലെ മുതൽ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം തുടരുകയാണ്. യാതൊരു കാരണവശാലും പള്ളിയിലേക്ക് ഓർത്തഡോക്സ് വിഭാഗത്തെ പ്രവേശിപ്പിക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്. മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിയിൽ പ്രതിഷേധം നടത്തുന്നത്.
അതേസമയം പള്ളിയിൽ പ്രവേശിക്കുന്നതിനായി പ്രധാന കവാടത്തിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് ഗേറ്റ് പൂട്ടിയതിനാൽ അകത്തു പ്രവേശിക്കാൻ സാധിച്ചിട്ടില്ല. സുപ്രീം കോടതിവിധി പ്രകാരം പള്ളിയുടെ അകത്തുള്ള യാക്കോബായ വിഭാഗക്കാരെ ഒഴിവാക്കി തങ്ങളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനാൽ ഓർത്തഡോക്സ് വിഭാഗം ഗേറ്റിനു മുന്നിൽ തന്നെ നിൽക്കുകയാണ്.
പള്ളിയിലെ പ്രതിഷേധം ഒഴിവാക്കി യാക്കോബായ വിഭാഗം കോടതിവിധി അനുസരിക്കണമെന്നും അതല്ലെങ്കിൽ മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്നുമുളള ആർഡിഒയുടെ മുന്നറിയിപ്പ് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ യാക്കോബായ വിഭാഗം ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഞായറാഴ്ച കണ്ടനാട് പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും യാക്കോബായ വിഭാഗം പ്രതിഷേധിച്ചിരുന്നു.
തങ്ങളുടെ പൂർവികര്‍ നിർമിച്ചതും കൈവശം വച്ചതുമായ പള്ളികൾ സംരക്ഷിക്കുക, ഓർത്തഡോക്‌സ് വിഭാഗം അവകാശം സ്ഥാപിച്ചെടുത്ത പള്ളികളിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോക്കോബായ വിഭാഗം ആവശ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി നില നിൽക്കുന്ന മലങ്കര സഭാ പ്രശ്‌നം ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതി വിധിയോടെയാണ് വീണ്ടും സജീവമായത്. 1934ലെ സഭാ നിയമാവലിക്ക് സുപ്രീം കോടതി അംഗീകാരം നൽകിയതോടെ, യാക്കോബായ കൈവശം വെച്ച് പോരുകയായിരുന്ന പള്ളികളുടെ അവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചു. ഇതോടെ ഒരോ പള്ളികളിലും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്‌സ് വിഭാഗം ശക്തമായി രംഗത്തു വരികയായിരുന്നു. വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് നീക്കം.