എറണാകുളം : ആറ്റിങ്ങലിൽ എട്ട് വയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്‌ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : നഷ്‌ടപരിഹാരം സംബന്ധിച്ച സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുമ്പാകെ - പരസ്യ വിചാരണ കേരള ഹൈക്കോടതി
ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് ബാധ്യതയേൽക്കാനാവില്ലെന്നാണ് സർക്കാർ വാദം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കണമെന്നായിരുന്നു സർക്കാർ നിലപാട്
പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്‌ടപരിഹാരമായി ഒന്നര ലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.
2021 ആഗസ്റ്റ് 27ന് ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഇവരെ അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് രജിത ഇരുവരെയും പരസ്യ വിചാരണയ്ക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് മൊബൈൽ ഫോൺ പിങ്ക് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.