എറണാകുളം:പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്. നിരവധി തോട്ടങ്ങളിൽ ഇത്തരം പുഷ്‌പിക്കാത്ത പൈനാപ്പിൾ ചെടികൾ എത്തിയതോടെ വൻ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. തോട്ടങ്ങളിൽ നട്ടുവളർത്തുന്ന പൈനാപ്പിൾ ചെടികളിൽ നല്ലൊരു ഭാഗം ഇത്തരം ചെടികളാണെന്ന് അടുത്തിടെയാണ് കർഷകർ കണ്ടെത്തിയത്.
കർഷകർ നേരിടുന്നത് വൻപ്രതിസന്ധി
പൈനാപ്പിൾ ചെടികൾ നട്ടുവളർത്തി പുഷ്‌പിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ് കർഷകർക്ക് ഇത്തരത്തിലുള്ള ചെടികൾ കണ്ടെത്താൻ കഴിയുക. സാധാരണ മാതൃസസ്യങ്ങളിൽ നിന്ന് മൂന്നോ നാലോ തൈകൾ പരമാവധി ഉത്പാദിക്കപ്പെടുമ്പോൾ ഫലം നൽകാത്ത സസ്യങ്ങളിൽ നിന്ന് 12 തൈകൾ വരെയാണുണ്ടാകുക. പുതിയ തൈകൾ നട്ട് ആറ് മാസം കഴിയുമ്പോഴാണ് പുഷ്‌പിക്കുന്നതിനായി ഹോർമോൺ പ്രയോഗം നടത്തുന്നത്.
ഇതിന് ശേഷം 60 ദിവസം കഴിയുമ്പോഴാണ് കായ്‌ഫലം തരാത്ത അന്തകവിത്തുകളാണെന്ന് കർഷകർ തിരിച്ചറിയുന്നത്. ഇതോടെ ഏകദേശം എട്ട് മാസത്തെ പരിപാലന ചെലവും കൂടിയാണ് കർഷകർക്ക് നഷ്‌ടമാകുന്നത്. ഇത്തരം തൈകൾ പല കൃഷിയിടങ്ങളിലും അറിയാതെ എത്തിപ്പെടുന്നതാണ് വ്യാപകമായി പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.