എറണാകുളം: കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി കൊവിഡ് രോഗികളുടെ ഫോൺ ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. സർക്കാർ തീരുമാനത്തിൽ അപാകത ഇല്ലെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് രോഗികളുടെ ഫോൺ രേഖ: ചെന്നിത്തലയ്ക്ക് കോടതിയില്‍ തിരിച്ചടി - Ramesh Chennithala
ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
ദിവസേന രോഗികളുടെ എണ്ണം വർധിക്കുകയാണ്. നിലവിലെ സാഹചര്യം നിങ്ങൾ മനസ്സിലാക്കേണ്ടതല്ലേ എന്നും ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ടവർ ലൊക്കേഷൻ ശേഖരിക്കുന്നതിൽ അപാകതയില്ലെന്നാണ് ആദ്യം നിങ്ങൾ പറഞ്ഞത്. ഇപ്പോൾ മറ്റു പല കാര്യങ്ങളുമാണ് പറയുന്നത്. മുമ്പ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി പ്രവർത്തിച്ച ആളല്ലേ താങ്കളെന്നും ചെന്നിത്തലയുടെ അഭിഭാഷകനായ ആസിഫ് അലിയോട് കോടതി ചോദിച്ചു.
ഇതുവരെ ശേഖരിച്ച ഫോൺ രേഖകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഉപഹർജിയിലും കോടതി അതൃപ്തി അറിയിച്ചു. ഡി.ജി.പി നൽകിയ ഉത്തരവിൽ പൊലീസ് ഹെഡ് ക്വാട്ടേഴ്സിനോടും എ.ഡി.ജി.പി ഇന്‍റലിജൻസിനോടും ഫോൺ രേഖകൾ ശേഖരിക്കാൻ ആവശ്യപെട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം ഹൈക്കോടതി തേടിയത്. സർക്കാർ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കിയത്.