കേരളം

kerala

ETV Bharat / state

എന്‍ഐഎ റെയ്‌ഡ്; കൊച്ചിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

എടവനക്കാട് സ്വദേശി മുബാറക്ക് ആണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഉള്ളത്. ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങളും പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകളും കണ്ടെത്തി. റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം നിര പിഎഫ്‌ഐ നേതാക്കളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് രണ്ടാം നിര നേതാക്കളെ കുറിച്ച് എന്‍ഐഎക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്നായിരുന്നു റെയ്‌ഡ്

PFI worker from Kochi in NAI custody  PFI worker from Kochi under NIA custody  NIA  PFI worker  PFI worker from Kochi  സംസ്ഥാനത്തെ എന്‍ഐഎ റെയ്‌ഡ്  എന്‍ഐഎ റെയ്‌ഡ്  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍  എടവനക്കാട് സ്വദേശി മുബാറക്ക്  പോപ്പുലര്‍ ഫ്രണ്ട്  എൻഐഎ
കൊച്ചിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

By

Published : Dec 29, 2022, 11:44 AM IST

എറണാകുളം:നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തിയ പരിശോധനയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് പിടികൂടിയത്. ഇയാളെ കൊച്ചി എൻഐഎ ഓഫിസിലെത്തിച്ചു.

മുബാറക്കിന്‍റെ വീട്ടിൽ നിന്നും പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകളും ആയുധങ്ങളും പിടിച്ചെടുത്തതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്ത് വിട്ടിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്‍റ് രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ പ്രധാനമായും പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിൽ റെയ്‌ഡ് നടന്നതിൽ ആദ്യമായാണ് ഒരാളെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തത്.

പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് എൻഐഎ കടക്കുക. എറണാകുളം ജില്ലയിൽ മാത്രം ഒരു ഡസൻ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. രണ്ടാം നിര നേതാക്കളുടെ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പൊലീസിന്‍റെ സഹായത്തോടെയായിരുന്നു എൻഐഎയുടെ റെയ്‌ഡ്. നേരത്തെ സംസ്ഥാന പൊലീസിനെ അറിയിക്കാതെ സിആർപിഎഫ് സഹായത്തോടെ നടത്തിയ റെയ്‌ഡിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ ഒന്നാം നിര നേതാക്കളെ പിടികൂടിയത്. നിലവിൽ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്നാണ് രണ്ടാം നിര നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്.

നിരോധനത്തെ നേരിടാൻ പോപ്പുലർ ഫ്രണ്ടിന് പ്ലാൻ ബി ഉണ്ടെന്നാണ് എൻഐഎ വിലയിരുത്തുന്നത്. മുൻ നിര നേതാക്കൾ പിടിയിലായാൽ രണ്ടാം നിര നേതാക്കൾ സംഘടന നയിക്കുകയെന്നതാണ് അതിൽ പ്രാധാനപ്പെട്ടത്. ഇത്തരത്തിൽ നിരോധനത്തിന് ശേഷവും സംഘടന ഏതെങ്കിലും തരത്തിലും പ്രവർത്തിച്ചോയെന്നാണ് എൻഐഎ പരിശോധിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് വിചാരണ കോടതിയിൽ എൻഐഎ റിപ്പോർട്ട് നൽകിയിരുന്നു.

ABOUT THE AUTHOR

...view details