എറണാകുളം:നിരോധിത ഭീകര സംഘടനപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്‌ചയിൽ ഹൈക്കോടതി മുൻപാകെ നിരുപാധികം മാപ്പപേക്ഷിച്ച് സർക്കാർ. വിഷയത്തിൽ കോടതി നിർദേശ പ്രകാരം ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകി. ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്‌ചയിൽ മാപ്പപേക്ഷിച്ച സർക്കാർ മനപൂർവ്വം വീഴ്‌ച വരുത്തിയിട്ടില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടൽ നടപടികൾ ജനുവരി 15നകം പൂർത്തീകരിക്കുമെന്നും സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു. അതേ സമയം പൊതുമുതൽ നശിപ്പിക്കുന്നത് ഗൗരവകരമെന്നു വ്യക്തമാക്കിയ കോടതി അത്തരം നടപടികളിൽ ഏർപ്പെടുന്നവരെ ഉരുക്ക് മുഷ്‌ടി കൊണ്ട് നേരിടണമെന്നും തുറന്നടിച്ചു. പൊതുമുതൽ സംരക്ഷിക്കൽ പ്രധാനമാണെന്നും പൊതുമുതൽ നശീകരണം സമൂഹത്തിനെതിരാണെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഓർമപ്പെടുത്തി.