എറണാകുളം: പെട്രോളും ഡീസലും ജി.എസ്.ടിയിൽ (GST) ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ജി.എസ്.ടി കൗൺസിലിനോട് (GST Council) കേരള ഹൈക്കോടതി. ഇതിന്‍റെ കാരണം വ്യക്തമാക്കി പത്തു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി കൗൺസിലിന് നിർദ്ദേശം നൽകി. ഇന്ധന വില വർദ്ധന ചെറുക്കാൻ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിലാക്കണെമന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
Also Read:മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് പല വിലയാണെന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിലൂടെ വില ഏകീകരിക്കാൻ കഴിയുമെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹർജിക്കാർ ജി.എസ്.ടി കൗൺസിലിന് നിവേദനം നൽകിയിരുന്നെങ്കിലും ഇക്കാര്യം പരിഗണിച്ചിരുന്നില്ല.
ഹര്‍ജി കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടേത്
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയാണ് ഹർജി സമർപ്പിച്ചത്. ഹർജി നവംബർ 19 നു വീണ്ടും പരിഗണിക്കും.