എറണാകുളം : കരുവന്നൂർ സഹകരണ ബാങ്കിനെതിരെ ഹൈക്കോടതിയിൽ ഹർജി (Petition in High Court against Karuvannur Bank). കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നുമെടുത്ത വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി ഇ ഡി യുടെ നിലപാട് തേടി.
ആധാരം ഇ ഡിയുടെ കസ്റ്റഡിയിലാണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. ഈ സാഹചര്യത്തിൽ ആധാരം തിരികെ നൽകാൻ കരുവന്നൂർ ബാങ്കിനോടും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനോടും ഹൈക്കോടതി നിർദേശം നൽകണമെന്നാണാവശ്യം. ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാന്‍റെ ബഞ്ച് ഇ ഡി യോട് നിലപാട് തേടിയിട്ടുണ്ട്. ഹർജി ഹൈക്കോടതി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ല. 50 സെന്‍റ് വസ്‌തു ഈടു നൽകിയെടുത്ത രണ്ടു ലോണുകളും 2022 ഡിസംബർ 27 ന് തിരിച്ചടച്ചു. കൂടാതെ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ഹർജിക്കാരൻ പറയുന്നു. ഇ ഡി കസ്റ്റഡിയിലെടുത്ത ആധാരങ്ങൾ തിരികെ കിട്ടാതെ എങ്ങനെ പണം മടക്കികൊടുക്കുമെന്ന് നേരത്തെ മന്ത്രി വാസവൻ ചോദ്യമുന്നയിച്ചിരുന്നു. അതിനിടെയാണ് സമാന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.