പോസ്റ്ററും കൊടി തോരണങ്ങളും നിറച്ച് പെരുമ്പാവൂർ ബസ്‌സ്റ്റാന്‍റ് - കെഎസ്ആർടിസി ബസ് സ്റ്റാന്‍റ്
യാത്രക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് രാഷ്‌ട്രീയ പാർട്ടികളുടെ ഈ നീക്കം
എറണാകുളം: പെരുമ്പാവൂർ കെഎസ്ആർടിസി ബസ്‌സ്റ്റാന്‍റ് രാഷ്‌ട്രീയ പാർട്ടികളുടെ പോസ്റ്ററുകളും കൊടി തോരണങ്ങളും കൊണ്ട് നിറക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രമായി മാറുന്നു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബസ്‌സ്റ്റാന്‍റിൽ സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ബസുകളുടെ സമയവിവരങ്ങൾ രേഖപ്പെടുത്തി സ്ഥാപിച്ചിരിക്കുന്ന ബോർഡ് പോലും മറച്ചാണ് രാഷ്‌ട്രീയക്കാർ പോസ്റ്ററുകളും കൊടി തോരണങ്ങളും കൊണ്ട് ബസ്സ്റ്റാന്‍റ് നിറച്ചിരിക്കുന്നത്. കൂടാതെ ബസ്‌സ്റ്റാന്‍റിനകത്ത് പ്രവർത്തിക്കുന്ന വ്യാപാരികളെയും കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ യാത്രക്കാർ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.