എറണാകുളം :പെരുമ്പാവൂർ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞുതാണ് 13കാരൻ മരിച്ചു. പരത്തുവയലിപ്പടി തോട്ടം ഇല്ലത്ത് ഹരിനാരായണൻ നമ്പൂതിരിയാണ് മരിച്ചത്. രാവിലെ ഏഴുമണിയോടെ വലിയ ശബ്‌ദത്തോടെ വീടിൻ്റെ ഒരു നില പൂർണമായും ഇടിഞ്ഞുതാഴുകയായിരുന്നു.
താഴത്തെ നിലയുടെ ഒരു മീറ്റർ ഒഴികെ ബാക്കി ഭാഗം പൂർണമായും മണ്ണിനടിയിലാണ്. അപകടം നടക്കുമ്പോൾ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. നാരായണൻ നമ്പൂതിരി (87), കൊച്ചുമകൻ ഹരിനാരായണൻ നമ്പൂതിരി എന്നിവർ വീടിനകത്ത് കുടുങ്ങുകയായിരുന്നു.
പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാണു; 13കാരന് ദാരുണാന്ത്യം നാരായണൻ നമ്പൂതിരിയുടെ മകൻ ഈശ്വരൻ നമ്പൂതിരി അടക്കം നാലുപേർ വീടിന് പുറത്തായിരുന്നു. മകൾ ദേവിക ഇരുനില വീടിന്‍റെ ടെറസിലും. മൂന്ന് മണ്ണുമാന്തി യന്ത്രം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒരു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിഞ്ഞുതാഴ്‌ന്ന വീടിന്‍റെ ബാക്കി ഭാഗം താങ്ങി നിർത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. നാരായണൻ നമ്പൂതിരി കട്ടിലിൽ കിടക്കുകയായിരുന്നു. ഹരിനാരായണൻ നമ്പൂതിരി സെറ്റിയിൽ ഇരിക്കുന്ന രീതിയിലുമായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു. നാരായണൻ നമ്പൂതിരിയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.