എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ മുൻ എംഎൽഎ അടക്കം അഞ്ച് സിപിഎം പ്രവർത്തകർക്ക് കോടതി നോട്ടീസ് അയച്ചു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമൻ, ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരോട് നേരിട്ട് ഹാജരാവാനാവശ്യപ്പെട്ടാണ് നോട്ടീസ്.
ഈ മാസം 15ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പേരെയായിരുന്നു സിബിഐ പ്രതി ചേർത്തത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത പതിനാല് പേർക്ക് പുറമെയാണിത്.
പത്തിൽ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇവർക്കാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചത്.
അതേസമയം പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കല്യോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, കല്യോട്ടെ സുരേന്ദ്രൻ, മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് റിമാന്‍റില്‍ കഴിയുന്നത്.
also read: Coonoor Helicopter Crash: പ്രിയ സൈനികന് വിട നല്‍കാനൊരുങ്ങി തൃശൂർ; സംസ്‌കാരം വൈകിട്ട്
അഞ്ചുപേരും കൊലനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു. കൊലനടത്തിയവർക്ക് സഹായം ചെയ്തു എന്നുമാണ് സിബിഐ കണ്ടെത്തിയത്. മുൻ എംഎൽഎ ഉൾപ്പടെയുള്ള അഞ്ച് പ്രതികൾ കൊല നടത്തിയ പ്രതികളെ സഹായിച്ചുവെന്നും സിബിഐ കണ്ടെത്തി.
2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.