പെരിയ ഇരട്ട കൊലക്കേസ്; പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂർ - പെരിയ ഇരട്ട കൊലക്കേസ്
കൊലക്കേസിൽ എട്ടാം പ്രതിയായ സുബീഷിനു വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂർ കാസർകോട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.
കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബി.എ.ആളൂർ ഹാജരാകും. മൂന്നിലധികം പ്രതികൾ ഇതിനകം ആളൂരുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒമ്പത് മുതൽ പതിനൊന്ന് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകനായ ബി.എ ആളൂരിനെ പ്രതികൾ സമീപിച്ചത്. എട്ടാം പ്രതി സുബീഷിനെതിരെയുള്ള കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് അഡ്വക്കേറ്റ് ആളൂർ അഭിപ്രായപ്പെട്ടു. കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത പ്രതികൾക്ക് ക്രൈബ്രാഞ്ച് കൊലപാതക കുറ്റമാണ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം പ്രതി എ. സുബീഷിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പെരിയയിലെ ചുമട്ടുതൊഴിലാളിയായ സുബീഷ് സജീവ സിഐടിയു പ്രവര്‍ത്തകനാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പ്രതികളാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.