എറണാകുളം: പെരിയ ഇരട്ട കൊലപാതകക്കേസില്‍ നിലപാട് ശക്തമാക്കി സിബിഐ. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ക്രൈംബ്രാഞ്ചിൽ നിന്നും പിടിച്ചെടുക്കാന്‍ സിബിഐ നീക്കം തുടങ്ങി. കേസ് രേഖകള്‍ ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം തൊണ്ണൂറ്റിയൊന്ന് പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കി. ആറ് തവണ നോട്ടീസ് നല്‍കിയിട്ടും കേസ് രേഖകള്‍ ക്രൈബ്രാഞ്ച് സിബിഐക്ക് നല്‍കിയിരുന്നില്ല. കേസ് രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊല കേസ്; നിലപാട് ശക്തമാക്കി സിബിഐ - CBI
കേസ് രേഖകള്‍ ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം തൊണ്ണൂറ്റിയൊന്ന് പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കി.
2019 ഫെബ്രുവരിയിലാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും പെരിയയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കൾ നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബഞ്ച് സിംഗിൾ ബെഞ്ചിന്‍റെ വിധി ശരിവെച്ചു. തുടർന്ന് സിബിഐ അന്വേഷണത്തെ തടയാൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അന്തിമ വിധിക്ക് ശേഷം സിബിഐക്ക് രേഖകൾ കൈമാറുന്ന വിഷയം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാരിന്‍റെ നിലപാട്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.