നായരമ്പലത്ത് റോഡ് ഉപരോധിച്ച് നാട്ടുകാർ എറണാകുളം :കടലാക്രമണം രൂക്ഷമായി തുടരുന്ന നായരമ്പലത്ത് ജനങ്ങൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മഴ ശക്തമായതിനെ തുടർന്നാണ് കടൽ കയറി നിരവധി വീടുകളിൽ വെള്ളം കയറിയത്. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്.
പ്രതിഷേധത്തിന്‍റെ ഭാഗമായി വൈപ്പിൻ മുനമ്പം സംസ്ഥാന പാതയാണ് ജനങ്ങൾ ഉപരോധിച്ചത്. സ്ഥിരമായി മഴക്കാലത്ത് തങ്ങൾ ദുരിതം പേറുകയാണെന്നും ഇതിനൊരു പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചെല്ലാനം മാതൃകയിൽ ടെട്രാപോഡുകൾ സ്ഥാപിച്ച് കടലാക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സംസ്ഥാന പാത നൂറുകണക്കിന് ആളുകൾ ഉപരോധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പിരിഞ്ഞ് പോകണമെന്ന പൊലീസ് നിർദേശം അവഗണിച്ചും പ്രദേശവാസികൾ സമരം തുടരുകയായിരുന്നു. ഇതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. പ്രശ്‌നം പരിഹരിക്കാതെ പിരിഞ്ഞ് പോകില്ലന്ന് നാട്ടുകാർ നിലപാട് എടുത്തതോടെയാണ് വിഷയത്തിൽ ജില്ല കലക്‌ടർ ഇടപെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമരം ചെയ്യുന്ന നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് കലക്‌ടർ എൻ.എസ്.കെ ഉമേഷ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. അതേസമയം ചർച്ചയിലെ തീരുമാനം അനുസരിച്ചായിരിക്കും സമരം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്ന് നാട്ടുകാർ അറിയിച്ചു.
എറണാകുളത്ത് വ്യാപക നാശനഷ്‌ടം : അതേസമയം എറണാകുളത്ത് മഴ തോരാതെ തുടരുകയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ കല്ലാർക്കുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിൽ ജല നിരപ്പ് ഉയർന്നു. പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെ കൊച്ചി നഗരത്തിൽ മഴ മാറിനിന്നെങ്കിലും പത്ത് മണിയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കൂടാതെ കടൽക്ഷേഭവും രൂക്ഷമാണ്. കണ്ണമാലി, കണ്ടക്കടവ്, പുത്തൻതോട് ഭാഗത്ത് കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലൂടെ കടൽ വെള്ളം റോഡുകളിലേക്കും വീടുകളിലേക്കും കയറി.
ആലുവ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിലെ ബലിതർപ്പണം പെരിയാർ തീരത്ത് നിന്നും കരയിലേക്ക് മാറ്റി. അതേസമയം ശക്തമായ മഴയിൽ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ഇന്നലെ മുതൽ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കണ്ണമാലി സെൻ്റ് ആൻ്റണീസ് എൽപിസ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചു. രണ്ട് കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടു പേർ പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. എളംകുളം വില്ലേജ് പി&ടി കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിന് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമെങ്കിലും അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കില്ല.