എറണാകുളം: അബ്‌ദുല്‍ നാസര്‍ മദനിയുടെ രോഗ വിവരമറിയാന്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയ്‌ക്ക് ലൈംഗിക ചുവയുള്ള സന്ദേശം അയച്ച പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) സംസ്ഥാന നേതാവ് അറസ്റ്റില്‍. പിഡിപി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തത്. നിസാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
രോഗ ബാധിതനായ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മദനിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സന്ദേശമയച്ച ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയോടാണ് നിസാര്‍ മേത്തര്‍ മോശമായി പെരുമാറിയത്. ജൂണ്‍ 29ന് മാധ്യമപ്രവര്‍ത്തക പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് നിസാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇയാളുടെ പക്കല്‍ നിന്ന് മാധ്യമപ്രവര്‍ത്തകയ്‌ക്ക് ലൈംഗികത കലര്‍ന്ന സന്ദേശം അയച്ച മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 എ (1) (4), 354 ഡി (1) (1), കേരള പൊലീസ് ആക്‌ട് സെക്ഷൻ 120 (ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യ നിലയെ കുറിച്ച് താന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ പിഡിപി സംസ്ഥാന നേതാവ് ലൈംഗിക ചുവയുള്ള സന്ദേശം അയക്കുകയായിരുന്നു എന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.
നിസാര്‍ മേത്തര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും മറ്റ് വിവരങ്ങളും യുവതി പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആവർത്തിച്ചുള്ളതോ അനഭിലഷണീയമായതോ അജ്ഞാതമായതോ ആയ ഫോണ്‍ കോൾ, സന്ദേശം, ഇ-മെയിൽ അല്ലെങ്കിൽ ഒരു മെസഞ്ചർ മുഖേന ഏതെങ്കിലും വ്യക്തിക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള ആശയവിനിമയം എന്നിവയാണ് കേരള പൊലീസ് നിയമത്തിലെ സെക്ഷൻ 120 (ഒ) കൈകാര്യം ചെയ്യുന്നത്. അതേസമയം, ഐപിസിയുടെ സെക്ഷൻ 354 എ (1) (4), ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ലൈംഗിക പീഡനത്തിന്‍റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് വ്യക്തമാക്കുന്നു.
2008ലെ ബെംഗളൂരു സ്‌ഫോടന പരമ്പര കേസിലെ മുഖ്യപ്രതിയായ അബ്‌ദുല്‍ നാസര്‍ മദനി, രോഗിയായ പിതാവിനെ സന്ദർശിക്കുന്നതിനായി സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണ് ജൂൺ 26ന് കേരളത്തില്‍ എത്തിയത്. എന്നാൽ, കൊല്ലം ജില്ലയിലെ തന്‍റെ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ആംബുലൻസിൽ മദനിയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
പിന്നാലെ കുറച്ചുനാള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. രക്തസമ്മർദവും, ക്രിയാറ്റിനും വളരെ ഉയർന്ന നിലയിൽ ആയതിനാലാണ് നെഫ്രോളജിസ്‌റ്റ് ഡോ. മുഹമ്മദ് ഇക്ബാലിന്‍റെ കീഴിൽ മദനിയെ അഡ്‌മിറ്റ് ചെയ്‌തത്. കിഡ്‌നിയുടെ പ്രവർത്തനശേഷി കുറവാണ് എന്ന് പരിശോധനയ്ക്ക് ശേഷമാണ് മനസിലായത്. കൂടാതെ ബ്ലാഡർ സംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദ്‌രോഗം എന്നിവ വിലയിരുത്താനും അതത് വിഭാഗത്തിലെ വിദഗ്‌ധ ഡോക്‌ടർമാര്‍ മദനി നിരീക്ഷിക്കുന്നുണ്ട്. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി പരിശോധിച്ചിരുന്നു.
Also Read:മദനി ചികിത്സയില്‍ തുടരണമെന്ന് ഡോക്‌ടര്‍മാര്‍ ; പിതാവിനെ സന്ദർശിക്കുന്നത് വൈകും