എറണാകുളം :ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിക്ക് ഐവിഎഫ് (In vitro fertilization) ചികിത്സക്കായി പരോൾ (Parole) അനുവദിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി (Kerala High Court). മാന്യമായി ജീവിക്കാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിൽ കഴിയുന്ന കുറ്റവാളിക്ക് പരോൾ അനുവദിക്കാനായി ജയിൽ ഡിജിപിക്ക് കോടതി നിർദേശം നൽകിയത് (Parole For IVF Treatment). കുറഞ്ഞത് 15 ദിവസം എങ്കിലും പരോൾ അനുവദിക്കണമെന്നാണ് നിർദേശം.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ജയിൽ ഡിജിപി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. കുറ്റവാളിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സാങ്കേതികതയുടെ പേരിൽ ന്യായമായ അപേക്ഷകൾക്കു മുന്നിൽ എങ്ങനെ കണ്ണടയ്‌ക്കാനാകുമെന്ന് ചോദിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കുറ്റകൃത്യങ്ങളിൽ ശിക്ഷ നൽകുന്നത് മാനസാന്തരപ്പെടാൻ കൂടിയാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ, സമൂഹത്തിന്‍റെ ഭാഗമായി തന്നെ കാണണം. തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളെ വിവേചനത്തോടെയല്ല പരിഗണിക്കേണ്ടത്. ഏതൊരു പൗരനെയും പോലെ മാന്യമായി ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.
ആശുപത്രി അധികൃതരുടെ കത്തടക്കം സമർപ്പിച്ചുകൊണ്ടാണ് ഹർജിക്കാരി തന്‍റെ ഭർത്താവിന് പരോൾ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നേരത്തെ മൂന്ന് മാസത്തെ പരോൾ അനുവദിക്കാനായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം പരോൾ നൽകാനാകില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്‍റെ നിലപാട്.
ആവശ്യത്തിന്‍റെ ഉദ്ദേശ്യ ശുദ്ധി പ്രധാനമാണെന്നും കുറ്റവാളികൾക്ക് ജയിലിന് പുറത്ത് കടക്കാനായി ഇത്തരം ആവശ്യത്തെ ഉപയോഗിക്കാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. ഉദ്ദേശ്യ ശുദ്ധി കൂടി അടിസ്ഥാനപ്പെടുത്തിയാകും ഓരോ കേസും പരിഗണിക്കുകയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.