എറണാകുളം : പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ആന്‍റണിയെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്‌ചയാണ് നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്‌മയെ (72) പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ താലൂക്ക് ആശുപത്രിയിൽ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അസ്‌മയെ റഫർ ചെയ്യുകയായിരുന്നു.
എന്നാൽ ആംബുലൻസ് വാടകയായ 900 രൂപ മുൻകൂട്ടി നൽകിയാൽ മാത്രമേ യാത്ര തിരിക്കാൻ കഴിയുകയുള്ളൂവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞുവെന്ന് മരണപ്പെട്ട അസ്‌മയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. എറണാകുളത്ത് എത്തിയാൽ വാടക നൽകാമെന്ന് പറഞ്ഞിട്ടും ഡ്രൈവർ വഴങ്ങിയില്ലെന്നും ബന്ധുക്കൾ പറയുന്നു.
പണം സംഘടിപ്പിച്ച് ഡ്രൈവർക്ക് നൽകി അരമണിക്കൂർ വൈകി പുറപ്പെട്ട് എറണാകുളത്ത് എത്തിച്ചെങ്കിലും അൽപ സമയത്തിനകം അസ്‌മ മരണപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയിരുന്നു.
അസ്‌മയുടെ ചെറുമകൻ കെ.എ മനാഫ്, വാർഡ് മെമ്പർ വി.എ താജുദ്ദീൻ എന്നിവരാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. സാമ്പത്തിക പരാധീനതയുള്ള അസ്‌മയുടെ ചികിത്സ വൈകാൻ കാരണം ആംബുലൻസ് ഡ്രൈവർ ആന്‍റണിയാണെന്നും ഇയാൾക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് മെമ്പർ താജുദ്ധീൻ ആവശ്യപ്പെട്ടു.