എറണാകുളം: സംസ്ഥാന സർക്കാരിന്‍റെ ''ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി'' മാതൃകാപരമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി തുടർച്ചയായി നാലാം തവണയും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
വിവിധ പച്ചക്കറി കൃഷിക്ക് പുറമേ വാഴ കൃഷിയും ഇക്കുറി പദ്ധതിക്ക് കീഴിൽ ഒരുക്കുന്നു. കെട്ടിടങ്ങൾക്ക് മുകളിലും ഓഫീസ് പരിസരത്തുമായാണ് കൃഷി ചെയ്യുന്നത്. എല്ലാ വീടുകളിലും ഓണത്തിന് പച്ചക്കറി ഉല്‍പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് കീഴിൽ ബ്ലോക്കിൽ ഇരുപത്തിമൂവായിരം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും.
ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന മലർവാടി ഹൈടെക് നഴ്സറി, കാക്കൂർ അഗ്രോ സർവീസ് സെന്‍റർ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്. നടീൽ പ്രായമെത്തിയ അത്യുത്പാദന ശേഷിയുള്ള എണ്‍പതിനായിരം പച്ചക്കറി തൈകളാണ് വിതരണത്തിന് തയ്യാറാകുന്നത്. പയർ, വെണ്ട, വഴുതന, തക്കാളി, മുളക്, പടവലം, ചീര എന്നിവയുടെ തൈകളാണ് വിതരണത്തിനായി എത്തുന്നത്.
ജൈവ കൃഷി വ്യാപനം പ്രാത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇക്കോ ഷോപ്പ് വഴി കുറഞ്ഞ ചെലവിൽ ജൈവ വളം, കീടനാശിനി, കൃഷി ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്. കൃഷി വ്യാപനത്തിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന വിത്ത്, കൃഷി ഉപകരണ വിതരണ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായുള്ള ജൈവ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്‍റ് സുമിത് സുരേന്ദ്രൻ നിർവ്വഹിച്ചു.