എറണാകുളം:പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ ഡയറി ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിജിലൻസിന് കോടതിയുടെ നിർദേശം. ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും സർക്കാർ ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർ മെഡിക്കൽ ബോർഡിൽ അംഗങ്ങളാകണമെന്നും കോടതി നിർദേശിച്ചു. ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ തിങ്കളാഴ്‌ച അറിയിക്കണമെന്നും കോടതി ഉത്തരവ്.
പാലാരിവട്ടം അഴിമതി;കേസ് ഡയറി ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ നിർദേശം - Palarivattom scam case
ഇബ്രാഹിം കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും സർക്കാർ ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർ മെഡിക്കൽ ബോർഡിൽ അംഗങ്ങളാകണമെന്നും കോടതി നിർദേശം.

അതേസമയം നവംബർ ഇരുപത്തിനാല് ചൊവ്വാഴ്‌ച ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. മന്ത്രിയായിരുന്ന വേളയിൽ പദവി ദുരുപയോഗം ചെയ്‌തുവെന്നും വിജിലൻസ് കണ്ടെത്തൽ. സർക്കാരിന് വലിയ സാമ്പത്തികനഷ്‌ടം ഉണ്ടാക്കിയ പാലാരിവട്ടം പാലം അഴിമതിയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
നേരത്തെ ഇബ്രാഹിം കുഞ്ഞ് റോഡ് ഫണ്ട് ബോർഡ് വൈസ് ചെയർമാനുമായിരുന്നു. റോഡ് ഫണ്ട് ബോർഡിൽനിന്നാണ് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷന് പണം അനുവദിച്ചത്. ഫണ്ടിങ് ഏജൻസിയായ റോഡ് ഫണ്ട് ബോർഡിൻ്റെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിക്ക് ഒഴിയാനാകില്ലന്നും വിജിലൻസ് കോടതിയിൽ വാദിച്ചു. എന്നാൽ കൈകൂലി വാങ്ങിയിട്ടില്ലെന്നും മന്ത്രിയെന്ന നിലയിൽ നിർമാണാനുമതി നൽകുക മാത്രമാണ് ചെയ്‌തതെന്നും കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ സമയം വേണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. കൂടാതെ റിമാൻഡ് റിപ്പോർട്ട് ഇന്നാണ് കിട്ടിയതെന്നും വിജിലൻസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.