കേരളം

kerala

പാലാരിവട്ടം അഴിമതി: സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

വിജിലൻസ് വാദം അംഗീകരിച്ച ഹൈക്കോടതി, മുൻ ജനറൽ മാനേജർ ബെന്നി പോളിന് മാത്രമാണ് ജാമ്യം അനുവദിച്ചത്.

By

Published : Oct 9, 2019, 12:07 PM IST

Published : Oct 9, 2019, 12:07 PM IST

പാലാരിവട്ടം അഴിമതി: സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ടി.ഒ സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നുമുള്ള വിജിലൻസ് വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ കരാർ കമ്പനി എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജ്‌സ് ഡവലപ്മെന്‍റ് കോർപ്പറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, കിറ്റ്‌കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ബെന്നി പോളിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയൽ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. ഇതോടൊപ്പമാണ് നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. മന്ത്രിയുടെ നിർദേശം അനുസരിച്ച് കരാറിൽ ഒപ്പിടുകയായിരുന്നുവെന്നാണ് സൂരജ് കോടതിയെ അറിയിച്ചിട്ടുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലം നിർമാണത്തിനുള്ള ടെന്‍ണ്ടറില്‍ തിരിമറി നടത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. പാലം നിർമാണത്തിലിരിക്കെ സൂരജ് മകന്‍റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസിന്‍റെ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.

ABOUT THE AUTHOR

...view details